സുധാകരന്റേത് തെരുവ് ഗുണ്ടയുടെ ഭാഷ; കെപിസിസി പ്രസിഡന്റായി നിയമിച്ചവര്‍ മറുപടി പറയണമെന്നും എ വിജയരാഘവന്‍

സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുകയാണ് സുധാകരന്‍

Update: 2021-06-19 06:00 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍. കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവര്‍ക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

നാട്ടുകാര്‍ ഇത് അംഗീകരിക്കില്ല എന്ന് മനസിലാക്കുന്നത് നല്ലതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ ദശാബ്ദങ്ങളായി അറിയുന്നതാണ്. അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത ഭരണാധികാരിയുമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുന്ന നിലയാണ് സുധാകരന്. അത് നിര്‍ത്തുന്നത് കോണ്‍ഗ്രസിനും സുധാകരനും നല്ലതാകും.

പൊതുജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവരുന്നത്. അടിച്ചു, തൊഴിച്ചു, ചവുട്ടി എന്നൊക്കെയുള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ്. കെപിസിസിയുടെ അധ്യക്ഷന്‍ ഈ നിലയില്‍ തരം താണുപോയത് ചരിത്രത്തിന്റെ വിരോധാഭാസമാണ്.

മുഖ്യമന്ത്രി പൊതുപ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചിട്ടുള്ള വിശ്വാസത്തിന്റെ ഒരു മുദ്രയുണ്ട്. അതില്ലാതാക്കാനാണ് ഈ അക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News