ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ പരസ്യ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നത് എഎപി എംപിമാര്‍ ബഹിഷ്‌കരിച്ചു.
പാര്‍മെന്റ് കവാടത്തിന് പുറത്ത് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ ആം ആദ്മി എംപിമാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് എം.പിമാര്‍ ആരോപിച്ചു.
ഇന്നലെയാണ് മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. കെജ് രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാന്‍ ബുധനാഴ്ച ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ സിബിഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്ത ശേഷം കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ജൂണ്‍ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടില്‍ കെജ് രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുത്ത ദിവസം താല്‍കാലികമായും ചൊവ്വാഴ്ച പൂര്‍ണമായും ഹൈകോടതി ജാമ്യം തടഞ്ഞു. വിചാരണ കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്ന് ഹൈകോടതി വിമര്‍ശിക്കുകയും ചെയ്തു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21നാണ് ഇ.ഡി കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ് രിവാള്‍ ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ് രിവാള്‍ ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങിയിരുന്നു.