ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പാര്‍ട്ടി കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ നേതൃത്വത്തിന്റേതാണ് നടപടി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. തിങ്കളാഴ്ച സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. എന്നാല്‍, നിലവിലെ നേതൃത്വം അതിന് ഉദകുന്നതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പതക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് സംഘടനാ നേതൃത്വത്തില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.