ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

Update: 2023-03-06 05:51 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസി പിരിച്ചുവിട്ടു. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ യൂനിറ്റുതലം മുതല്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ രൂപീകരിച്ച് പുനസ്സംഘടന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാറിനെയും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എസ് ചന്ദ്രശേഖരനെയും കമ്മിറ്റി രൂപീകരണ ചുമതലകള്‍ക്കായി നിയോഗിച്ചു.

കെ സുധാകരന്‍ പ്രസിഡന്റായ ശേഷം കെപിസിസിക്ക് കീഴില്‍ ലീഗല്‍ എയ്ഡ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് നിലനില്‍ക്കെ ഇത് അനുചിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി ആസഫലി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കമ്മിറ്റി ഒഴിവാക്കണമെന്നുകാണിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രമേയവും പാസാക്കി. ഇക്കാര്യം തള്ളുക മാത്രമല്ല, പ്രമേയം പിന്‍വലിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ടി ആസഫ് അലി രാജിവച്ചിരുന്നു. പിന്നീട് രാജീവ് ജോസഫിനെ പ്രസിഡന്റായി നിയമിച്ചു. ആ കമ്മിറ്റിയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്.

Tags:    

Similar News