വഹാബിനെതിരേ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി; പിന്തുണച്ച് ദേശീയ കമ്മിറ്റി

മുഈനലിയുടെ പരാമര്‍ശത്തോടെ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വഹാബിനെതിരേ എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ടെന്നു മനസ്സിലാക്കിയാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്.

Update: 2019-08-01 19:27 GMT

കോഴിക്കോട്: മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സഭയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബിനെതിരേ യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്തുണയുമായി ദേശീയ കമ്മിറ്റി രംഗത്തെത്തി. നാലുവാക്ക് പറയാന്‍ കഴിയുന്നവരെയാണ് രാജ്യസഭയിലേക്ക് അയക്കേണ്ടതെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എംപിമാരെ പാര്‍ലിമെന്റില്‍ അയക്കുന്നതെന്നും സമയമില്ലെങ്കില്‍ രാജിവച്ച് പോവുകയാണു വേണ്ടതെന്നുമായിരുന്നു മുഈനലിയുടെ നിലപാട്. എന്നാല്‍, വിവാദം രൂക്ഷമാവുന്നതിനിടെ, മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി പി വി അബ്്ദുല്‍ വഹാബിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

    വഹാബിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വലതുപക്ഷ സംഘമാണ് പിന്നിലെന്നും ദേശീയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഖജാഞ്ചി മുഹമ്മദ് യൂനുസ് എന്നിവരുടെ പേരോടു കൂടിയ ഔദ്യോഗിക ലെറ്റര്‍ ഹെഡിലാണ് വഹാബിനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവന ഇറക്കിയത്. നേരത്തേ, മുഈനലിയുടെ പരാമര്‍ശത്തോടെ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വഹാബിനെതിരേ എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ടെന്നു മനസ്സിലാക്കിയാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. ഏതായാലും മുത്തലാഖ് ബില്ല് ചര്‍ച്ചയ്ക്കിടെ പേര് വിളിച്ച സമയത്ത് അബ്്ദുല്‍ വഹാബ് എംപി സ്ഥലത്തില്ലാതിരുന്നത് പാര്‍ട്ടി അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് വഹാബ് എത്തിയത്. നേരത്തേ, എന്‍ഐഎയ്ക്ക് അമിതാധികാരം നല്‍കുന്ന ബില്ലിനെതിരേ വോട്ട് ചെയ്യാതെ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയ ലീഗ് എംപിമാരുടെ നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.




Tags:    

Similar News