ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; അഹമ്മദ് ദേവര്‍കോവില്‍ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍

അതേസമയം, പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നതയുടെ കാര്യത്തില്‍ മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരു വിഭാഗത്തെയും കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുന്നതായി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Update: 2022-02-13 16:50 GMT

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി ആരോപിച്ചാണ് നടപടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വം കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി.

അഹമ്മദ് ദേവര്‍കോവിലായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീന്‍ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍.

അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടിയെ തള്ളിക്കളയുന്നു; സംസ്ഥാന കമ്മിറ്റിയുമായി മുന്നോട്ട് പോകും- എ പി അബ്ദുല്‍ വഹാബ്

അതേസമയം, പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നതയുടെ കാര്യത്തില്‍ മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരു വിഭാഗത്തെയും കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുന്നതായി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ഇരു വിഭാഗത്തില്‍ നിന്നും അഞ്ചു പേര്‍ വീതമുള്ള ഒരു അനുരജ്ഞന സമിതിയെ മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഈ സമിതിയെ വിളിച്ചു ചേര്‍ക്കാനും ഉള്ളു തുറന്ന ചര്‍ച്ച നടത്താനുമുള്ള നിര്‍ദ്ദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായത്. അഖിലേന്ത്യാ നേതൃത്വം അവരുടെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളില്‍ അഖിലേന്ത്യാ കമ്മിറ്റി ഇടപെടരുതെന്ന് പോലും മദ്ധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണ്.-അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവര്‍ത്തകരും ഈ തീരുമാനത്തിനെതിരാണ്. ദേശീയ കമ്മിറ്റിയെക്കൊണ്ട് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ മാസങ്ങളായി ഒരു വിഭാഗം നടത്തി വരുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളത്. ഇതംഗീകരിക്കുന്ന പ്രശ്‌നമേയില്ല. ഇടത് പക്ഷ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തേണ്ട ഒരു ഘട്ടത്തില്‍ അതിനെ തുരങ്കം വെക്കുന്ന തരത്തില്‍ ആരിടപെട്ടാലും അതിനെ ചോദ്യം ചെയ്യും. ഇടത് പക്ഷത്തോടൊപ്പം ഉറച്ച് നിന്നു കൊണ്ട് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകും. സംസ്ഥാന സമിതി വിളിച്ചു ചേര്‍ത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News