ഗുജറാത്തില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള കാംപയിനുമായി ആം ആദ്മി പാര്‍ട്ടി

Update: 2022-10-29 07:35 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള കാംപയിനു തുടക്കമിട്ട് ആം ആ്ദമി പാര്‍ട്ടി. ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനാണ് പദ്ധതി. നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തുനിന്ന് ബിജെപിയെ നിലംപരിശാക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.

'നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക' എന്ന് പേരിട്ട കാംപയിനില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

'ആളുകള്‍ക്ക് മാറ്റം വേണം. അവര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ആശ്വാസം വേണം. ഈ ആളുകള്‍ (ബിജെപി) ഒരു വര്‍ഷം മുമ്പ് അവരുടെ മുഖ്യമന്ത്രിയെ മാറ്റി. അവര്‍ക്ക് ആദ്യം വിജയ് രൂപാണി ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നത്? ഇതിനര്‍ത്ഥം വിജയ് രൂപാണിക്ക് എന്തോ കുഴപ്പമുണ്ടെന്നാണോ?'- കെജ് രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

'വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോള്‍ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡല്‍ഹിയില്‍ നിന്നാണ് അത് തീരുമാനിച്ചത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത്. 2016ല്‍ ബിജെപി ചോദിച്ചിട്ടില്ല, 2021ലും ചോദിച്ചില്ല'-അദ്ദേഹം തുടര്‍ന്നു.

6357000360 എന്ന മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് അയക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വോയ്‌സ് മെസേജും ഇമെയിലും ചെയ്യാം. aapnocm@gmail.com ആണ് മെയില്‍ ഐഡി.

നവംബര്‍ 3 അഞ്ച് മണിയാണ് അവസാന തിയ്യതി. നവംബര്‍ 4ന് ഫലംപ്രഖ്യാപിക്കും.

182 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News