അതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് എഎപി
പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ പ്രസ്താവന
ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടി എംപി സ്വാതി മലിവാളിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് എഎപി. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ പ്രസ്താവന. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.
'അതിഷിയെ പോലൊരു സ്ത്രീ മുഖ്യമന്ത്രിയാകുന്നുവെന്ന ദൗര്‍ഭാഗ്യകരമായ ദിനമാണിന്ന്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റരുതെന്നും അയാള്‍ നിരപരാധിയാണെന്നും പറഞ്ഞവരാണ് അതിഷിയുടെ മാതാപിതാക്കള്‍. അവര്‍ അതിനുവേണ്ടി രാഷ്ട്രപതിക്ക് വരെ ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. ഇത് സുരക്ഷയെ വരെ ബാധിക്കുന്ന കാര്യമാണ്. എനിക്കുറപ്പാണ് നമ്മളെല്ലാവരും കരുതുന്ന പോലെ അതിഷി ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കും. ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടെ,' സ്വാതി മലിവാള്‍ പറഞ്ഞു.
എന്നാല്‍ എഎപിയുടെ മന്ത്രി സംസാരിക്കുന്നത് ബിജെപി മന്ത്രി സംസാരിക്കുന്ന പോലെയാണെന്ന് പറഞ്ഞുകൊണ്ട് എഎപിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡെ രംഗത്തെത്തി. ഇങ്ങനെയൊക്കെ സംസാരിക്കുന്ന അവര്‍ എംപി സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും ഇത്തിരിയെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ രാജി വയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.