കൊട്ടാരക്കര താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Update: 2024-05-20 06:29 GMT

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫീമെയില്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന പവിത്രേശ്വരം, കരിമ്പിന്‍പുഴ ശ്രുതിലയത്തില്‍ സുരേഷ് കുമാറിനാണ് (54) മര്‍ദനമേറ്റത്. ഇതില്‍ നാലാം പ്രതിയായ തൃക്കണ്ണമംഗലം തട്ടത്ത് പള്ളിക്ക് സമീപം അനില്‍ ഭവനില്‍ അനില്‍കുമാറിനെ (42) രാവിലെ കൊട്ടാരക്കര പോലിസ് അറസ്റ്റ് ചെയ്തു. രാത്രി 11.30ന് ശേഷം പുരുഷന്മാര്‍ സ്ത്രീകളുടെ വാര്‍ഡില്‍നിന്ന് പുറത്തുപോകണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടതില്‍ തുടര്‍ന്നുള്ള തര്‍ക്കത്തിലായിരുന്നു മര്‍ദനം. കൊട്ടാരക്കര നഗരസഭ പുലമണ്‍ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ പവിജ പത്മന്‍, പവിജയുടെ ഭര്‍ത്താവ് സുമേഷ്, സഹോദരന്‍ പവീഷ് തുടങ്ങി പന്ത്രണ്ടോളം പ്രതികളാണ് ഈ കേസിലുള്ളത്. കൊട്ടാരക്കര പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ എന്‍ ബിജു, എസ്‌ഐമാരായ സഹില്‍, ജുമൈലബിബി എഎസ്‌ഐ സജീവ്, സിപിഒമാരായ നഹാസ്, സഹില്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടത്തുന്നുവെന്ന് കൊട്ടാരക്കര സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News