വൈദ്യുതി മോഷണമെന്ന് ആരോപണം; സമാജ്‌വാദി പാര്‍ട്ടി എംപി സിയാവുര്‍ റഹ്‌മാനെതിരേ എഫ്‌ഐആര്‍
സംഭല്‍: വൈദ്യുതി മോഷണം ആരോപിച്ച് സംഭലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിനെതിരെ ഉത്തര്‍പ്രദേശ് വൈദ്യുതി വകുപ്പ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. സംസ്ഥാന ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ വസതിയിലെ മീറ്റര്‍ റീഡിംഗ് പരിശോധിക്കാനും എയര്‍കണ്ടീഷണറുകളും ഫാനുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ലോഡ് വിലയിരുത്താനും എത്തിയിരുന്നു. താമസസ്ഥലത്തെ വൈദ്യുതി കണക്ഷന്‍ യഥാര്‍ത്ഥ ലോഡിന്റെ പരിധികള്‍ ലംഘിക്കുന്നതാണെന്നു പറഞ്ഞായിരുന്നു പരിശോധന. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തങ്ങളുടെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടപടിയെടുക്കുമെന്ന് എംപിയുടെ പിതാവ് മംലൂക്ക് ഉര്‍ റഹ്‌മാന്‍ ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥരായ വിവേക് ഗംഗലും അജയ് ശര്‍മ്മയും ആരോപിച്ചിരുന്നു. മംലൂക്ക് ഉര്‍ റഹ്‌മാനെതിരെയും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.352, 351(2), 132 ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) എന്നീ വകുപ്പുകള്‍ പ്രകാരം വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) സന്തോഷ് ത്രിപാഠിയാണ് കേസ് ഫയല്‍ ചെയ്തത്.
''രാവിലെ 7:30 ഓടെ എസ്ഡിഒ സന്തോഷ് കുമാര്‍ ത്രിപാഠിയും സംഘവും ദീപ സരായ് പ്രദേശത്ത് വൈദ്യുതി ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. പരിശോധനയ്ക്കിടെ, അവര്‍ സിയാവുര്‍ റഹ്‌മാന്റെ വസതി സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം ത്രിപാഠിയെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യങ്ങളില്‍ ഇടപെടുകയും ചെയ്തു.സര്‍ക്കാര്‍ മാറിയാല്‍ ഞങ്ങള്‍ നിങ്ങളെ നശിപ്പിക്കും' എന്ന് പറഞ്ഞ് ബാര്‍ഖ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, മറ്റ് നിരവധി അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് സംഭവം വീഡിയോയില്‍ പകര്‍ത്തി' സംഭാല്‍ എസ്പി കൃഷ കുമാര്‍ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം സംഘം ജോലി പൂര്‍ത്തിയാക്കി ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.