ഐസിയുവില്‍ കിടന്ന രോഗിക്ക് ചികില്‍സ നല്‍കി ആള്‍ദൈവം, അന്വേഷണം

മുകേഷ് ഭുവാജി കാരണം തന്റെ ഭര്‍ത്താവ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നാണ് രോഗിയുടെ ഭാര്യ പറയുന്നത്

Update: 2024-12-19 09:34 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന(ഐസിയു) ഒരു രോഗിയെ 'അത്ഭുതകരമായി' സ്വയം പ്രഖ്യാപിത ആള്‍ദൈവം സുഖപ്പെടുത്തിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ റീലായി അപ്ലോഡ് ചെയ്ത വീഡിയോയില്‍, കറുത്ത ട്രൗസറും പച്ച ടീ ഷര്‍ട്ടും കഴുത്തില്‍ കോളര്‍ ഇയര്‍ഫോണുകളുള്ള മുഖംമൂടി ധരിച്ചയാളെ കാണാം. അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന്റെ ട്രോമ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഇയാള്‍ ഐസിയുവില്‍ കിടന്ന രോഗിയുടെ മേല്‍ കൈ വച്ച് പ്രാര്‍ത്ഥിക്കുന്നതും വീഡിയോയിലുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മുകേഷ് ഭുവ എന്നയാളാണ് ഇതെന്നാണ് പോലിസ് പറയുന്നത്.

മുകേഷ് ഭുവാജി കാരണം തന്റെ ഭര്‍ത്താവ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നാണ് രോഗിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ സത്യം അതല്ലെന്നും നിലവില്‍ രോഗി സുഖം പ്രാപിച്ച് വരികയാണെന്നും വാര്‍ഡിലേക്ക് മാറ്റാന്‍ ആലോചിക്കുകയായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വീഡിയ വൈറലായതിന് പിന്നാലെ അത്ഭുത പ്രവര്‍ത്തിയല്ല രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തിയതെന്നും മരുന്നുകളാണ് രോഗശാന്തിയിലേക്ക് നയിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ രാകേഷ് ജോഷി പറഞ്ഞു. വൈദ്യ ചികിത്സ വളരെ പ്രധാനമാണെന്നും രോഗികള്‍ സുഖം പ്രാപിക്കുന്നത് ചികിത്സ കൊണ്ടാണ്, അല്ലാതെ അത്തരം ആചാരങ്ങള്‍ കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

''38 കാരനായ രോഗിയെ ഡിസംബര്‍ 5 ന് ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി), ക്രോണിക് ലിവര്‍ ഡിസീസ് (സിഎല്‍ഡി) എന്നിവയുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായ വൃക്ക തകരാറിലായതിനാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് വേണ്ടി വന്നു.പിന്നീട് രോഗി സുഖം പ്രാപിച്ചു. അപ്പോഴാണ് ഈ മനുഷ്യന്‍ വന്ന് കണ്ടുമുട്ടിയതായി തോന്നുന്നത്. തുടര്‍ന്ന് രോഗിയെ ഒരു വാര്‍ഡിലേക്ക് മാറ്റി, നാല് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ രക്ഷിച്ചത് ഡോക്ടര്‍മാരുടെ കൃത്യമായ ചികില്‍സയാണ്'' ജോഷി പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News