നാലു യുവതികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; രാജസ്ഥാനിലെ ആള്‍ദൈവം അറസ്റ്റില്‍
ജയ്പുര്‍ അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന 56കാരനായ യോഗേന്ദ്ര മെഹ്തയാണ് പിടിയിലായത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ പീഡന പരാതി നല്‍കിയിരുന്നത്.
ജയ്പുര്‍: നാല് യുവതികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രാജസ്ഥാനിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ്പുര്‍ അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന 56കാരനായ യോഗേന്ദ്ര മെഹ്തയാണ് പിടിയിലായത്. ബക്‌റോത പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ പീഡന പരാതി നല്‍കിയിരുന്നത്.
2005 മുതല്‍ 2017 വരെ പലതവണകളായി യോഗേന്ദ്ര പീഡിപ്പിച്ചെന്നായിരുന്നു ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായെന്ന് പരാതി നല്‍കിയിരുന്നു.
മൂന്ന് സ്ത്രീകളുടെ പരാതിക്ക് പിന്നാലെയാണ് മറ്റൊരു യുവതി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. മെയ് നാലിനാണ് പ്രതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്‌റോത എസ്എച്ച്ഒ മുകേഷ് ചൗധരി അറസ്റ്റ് ചെയ്യുകയായിരുന്നു. 2005 മുതല്‍ 2017 വരെ യോഗേന്ദ്ര പീഡിപ്പിച്ചെന്നാണ് ആദ്യ പരാതിക്കാരിയായ യുവതി ഉന്നയിക്കുന്നത്.
1998 മുതല്‍ ഭര്‍ത്താവ് ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പിന്നീട് യോഗേന്ദ്ര മെഹ്ത ഭര്‍ത്താവിനോട് സകുടുംബം ആശ്രമത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 2005ലാണ് യോഗേന്ദ്ര മെഹ്തയെ താന്‍ ആദ്യമായി കാണിന്നത്. പിന്നീട് ഇടയ്ക്കിടെ ആശ്രമം സന്ദര്‍ശിക്കുന്നത് പതിവായി. ആറുമാസം കൂടുമ്പോള്‍ മൂന്നോ നാലോ ദിവസം ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു. ആദ്യനാളുകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു തവണ യോഗേന്ദ്രയുടെ സഹായികള്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. അതിനുശേഷം ലൈംഗികമായി പീഡിപ്പിച്ചു. 2017 വരെ പല തവണ ഇത് ആവര്‍ത്തിച്ചു. പീഡനത്തെ എതിര്‍ത്തപ്പോള്‍ ഇത് തന്റെ ആശീര്‍വാദമാണെന്നും പുറത്തുപറഞ്ഞാല്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും യോഗേന്ദ്ര ഭീഷണിപ്പെടുത്തി. അതിനാല്‍ ഭര്‍ത്താവിനോട് പോലും വിവരം പറഞ്ഞില്ല. എന്നാല്‍ അടുത്തിടെ 20 വയസ്സുള്ള മകളെ ആശ്രമത്തിലേക്ക് അയക്കാന്‍ യോഗേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ സംഭവിച്ച കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. തന്റെ സഹോദരഭാര്യമാരായ രണ്ടു പേര്‍ക്കും ആള്‍ദൈവത്തില്‍നിന്ന് സമാനമായ പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും പരാതിയിലുണ്ട്.
പരാതി നല്‍കിയ നാലാമത്തെ യുവതിയും സമാന ആരോപണങ്ങള്‍ തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. ആള്‍ദൈവത്തിന്റെ സഹായികളെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും ഇവരാണ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡനത്തിന് ഒത്താശ ചെയ്യുന്നതെന്നും ഇവരുടെ പരാതിയിലുണ്ട്. മിക്കസമയത്തും എട്ടോ പത്തോ സ്ത്രീകള്‍ ആശ്രമത്തില്‍ ഉണ്ടാകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.