കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുമ്പില്‍ സമരം ആരംഭിച്ചു. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയുടെ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടാണ് സമരം.
പരാതിയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് അതിജീവിത കമ്മിഷണറെ കണ്ടിരുന്നു. വിവരാകാശ കമ്മിഷന് അപേക്ഷ നല്‍കണമെന്നാണ് അതിജീവിതയ്ക്ക് കിട്ടിയ മറുപടി. നാല് മാസം മുമ്പ് അവിടെ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇത് വരെ മറുപടി കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മൊഴിയെടുത്ത ഡോ കെവി പ്രീതിയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ റിപോര്‍ട്ടാണ് താന്‍ ആവശ്യപ്പെട്ടത്. റിപോര്‍ട്ട് നല്‍കാത്തത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായും അതിജീവിത പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോവണമെങ്കില്‍ റിപോര്‍ട്ട് ആവശ്യമാണ്. റിപോര്‍ട്ട് കിട്ടും വരെ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു.
താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി.