മകനെ നരബലി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മന്ത്രവാദിയുടെ അപേക്ഷ

ബിഹാറിലെ മോഹന്‍പൂര്‍ പഗാദ്പുര്‍ ഗ്രാമവാസിയായ സുരേന്ദര്‍ പ്രദാപ് സിങാണ് മകനെ ബലിനല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ബെഗുസരൈ സബ് ഡിവിഷനല്‍ ഓഫിസര്‍ക്കു അപേക്ഷ നല്‍കിയത്

Update: 2019-02-02 11:09 GMT
മകനെ നരബലി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മന്ത്രവാദിയുടെ അപേക്ഷ

ബെഗുസരൈ: എഞ്ചിനിയറായ മകനെ ബലിനല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു അധികൃതര്‍ക്കു അപേക്ഷ നല്‍കി മന്ത്രവാദി. ബിഹാറിലെ മോഹന്‍പൂര്‍ പഗാദ്പുര്‍ ഗ്രാമവാസിയായ സുരേന്ദര്‍ പ്രദാപ് സിങാണ് ബെഗുസരൈ സബ് ഡിവിഷനല്‍ ഓഫിസര്‍ക്കു അപേക്ഷ നല്‍കിയത്. നരബലി ഒരു കുറ്റമല്ല. അതിനാല്‍ തന്റെ എഞ്ചിനിയറായ മകനെ നരബലി നല്‍കാന്‍ തന്നെ അനുവദിക്കണമെന്നാണു ബിന്ദു മാ മാനവ് കല്യാണ്‍ സന്‍സ്ഥ എന്ന സംഘടനയുടെ ലെറ്റര്‍പാഡില്‍ നല്‍കിയ അപേക്ഷയില്‍ സുരേന്ദര്‍ ആവശ്യപ്പെട്ടത്. സുരേന്ദറിന്റെ നേതൃത്ത്വത്തിലുള്ള സംഘടനയാണ് ബിന്ദു മാ മാനവ് കല്യാണ്‍ സന്‍സ്ഥ. നരബലിക്കായി അപേക്ഷ നല്‍കിയത് സ്ഥിരീകരിച്ചു സുരേന്ദറിന്റെ വീഡിയോയും പുറത്തു വന്നു. കാമാക്യ ദേവതക്കായി നരബലി നല്‍കാനാണ് തന്റെ തീരുമാനം. താന്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനു പണം തരാന്‍ വിസമ്മതിക്കുന്ന തന്റെ എഞ്ചിനീയറായ മകനെയാണ് ബലി നല്‍കാനുദ്ദേശിക്കുന്നത്. രാവണനെപോല പെരുമാറുന്നതിനാലാണ് അവനെ കാമാക്യ ദേവതക്കായി ബലി നല്‍കുന്നതെന്നും വീഡിയോയില്‍ സുരേന്ദര്‍ വ്യക്തമാക്കുന്നു. അപേക്ഷയുടെ പകര്‍പ്പും സുരേന്ദര്‍ പ്രദാപ് സിങിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. അതേസമയം സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും സബ് ഡിവിഷനല്‍ ഓഫിസര്‍ സഞ്ജീവ് കുമാര്‍ ചൗധരി വ്യക്തമാക്കി. ചില പ്രത്യേക രീതിയിലാണ് സുരേന്ദര്‍ ജീവിക്കുന്നതെന്നു സമീപവാസികളായ സുധീര്‍ കുമാര്‍, അജയ് കുമാര്‍, പ്രഭാത് കുമാര്‍ എന്നിവര്‍ വ്യക്തമാക്കി. തലയോട്ടി കയ്യില്‍ പിടിച്ചു നഗ്നനായാണ് സുരേന്ദറിനെ കാണാറുള്ളത്. തങ്ങളുടെ മക്കള്‍ സുരേന്ദറിന്റെ ഇരയാവുമോയെന്നു ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു

Tags:    

Similar News