സോണിയാ ഗാന്ധിയ്‌ക്കെതിരായ ഇഡി നടപടി; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു
പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.
ഡല്‍ഹി ശിവാജി ഗര്‍ റെയില്‍വേ സ്‌റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. രാജ്യത്തെ കേന്ദ്ര ഏജന്‍സികള്‍, പ്രത്യേകിച്ച് ഇ.ഡി എല്ലാം ആര്‍എസ്എസിന്റെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. രാജ്യമെമ്പാടും യൂത്ത് കോണ്‍ഗ്രസ് സമരത്തിലാണ്. ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.