അഡ്വ. മുഹമ്മദ് ഷുഹൈബ് സമാധാനപ്രിയനാണ്, കലാപകാരിയല്ല: ഷുഹൈബിന്റെ അറസ്റ്റില്‍ പ്രതിഷേധം പുകയുന്നു
പോപുലര്‍ ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരുമായി ഷുഹൈബിന് ബന്ധമുണ്ടെന്നാണ് അറസ്‌ററിനു കാരണമായി സര്‍ക്കാര്‍ ഉന്നയിച്ചത്.
ലഖ്‌നോ: 76 വയസ്സുകാരനായ അഡ്വ. മുഹമ്മദ് ഷുഹൈബിനെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം പുകയുന്നു. മാഗ്‌സാസെ പുരസ്‌കാര ജേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ ഷുഹൈബിന്റെ അറസ്റ്റിനെതിരേ രംഗത്തുവന്നു കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണമുയര്‍ത്തി ഡിസംബര്‍ 19നാണ് അഡ്വ. ഷുഹൈബിനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്.
ലഖ്‌നോവിലുള്ളവരെ സംബന്ധിച്ചിടത്തോളം നിയമയുദ്ധങ്ങളിലെ പരിചിതമുഖമാണ് അഡ്വ. ഷുഹൈബ്. അകാരണമായി തടവറയ്ക്കുള്ളില്‍ അകപ്പെട്ട നിരവധി പേര്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ മുന്നില്‍ നിന്ന ആളാണ് അദ്ദേഹം. 10-15 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന 18 യുവാക്കള്‍ക്ക് അദ്ദേഹം രക്ഷകനായി. അദ്ദേഹമാണ് അവരുടെ കേസ് വാദിച്ചുകൊണ്ടിരുന്നത്. 2007 ലെ സീരിയല്‍ ബോംബ് സ്‌ഫോടനത്തില്‍ ജയിലിലടക്കപ്പെട്ട സജ്ജാദുര്‍ റഹ്മാനാണ് അവസാനം മോചനം നേടിയത്. അതും അഡ്വ. ഷുഹൈബ് ജയിലിലായി രണ്ട് ദിവസത്തിനു ശേഷം.
'നിയമത്തില്‍ ഇത്രയേറെ വിശ്വസിച്ചിരുന്ന ഒരാളെ കാണാനാവില്ല. അത്തരമൊരാള്‍ കാലപത്തിന് പ്രേരണ നല്‍കിയെന്ന് വിശ്വസിക്കാനാവില്ല'- സീനിയര്‍ അഭിഭാഷകനായ രന്ദിര്‍ സിങ് സുമന്‍ പറയുന്നു. മാഗ്‌സാസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ ഇതു സംബന്ധിച്ച് ഒരു തുറന്ന കത്തുതന്നെ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം നിയമത്തില്‍ വലിയ രീതിയില്‍ വിശ്വസിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. റിഹായ് മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ഷുഹൈബ്. ഡിസംബര്‍ 19 നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നതെങ്കിലും 18 വരെ വീട്ടുതടങ്കലിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
കലാപത്തിന് ആഹ്വാനം നല്‍കിയ പോപുലര്‍ ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരുമായി ഷുഹൈബിന് ബന്ധമുണ്ടെന്നാണ് അറസ്‌ററിനു കാരണമായി സര്‍ക്കാര്‍ ഉന്നയിച്ചത്.