സിഎഎ നടപ്പിലാക്കി തുടങ്ങി; മുസ്‌ലിം അല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് ആഭ്യന്തര മന്ത്രായലം
ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന മുസ്‌ലിം ഇതര അഭയാര്‍ഥികളില്‍ നിന്നാണ് ഇന്ത്യന്‍ പൗരത്വത്തിന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. മുസ്‌ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന മുസ്‌ലിം ഇതര അഭയാര്‍ഥികളില്‍ നിന്നാണ് ഇന്ത്യന്‍ പൗരത്വത്തിന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി.
2019 ല്‍ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും പൗരത്വ നിയമം 2009 ഭേദഗതി പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങിയിട്ടുള്ളത്. 2014 ഡിസംബര്‍ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. മുസ്‌ലിം വിഭാഗത്തെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.