മാനനഷ്ടക്കേസില്‍ നടി കങ്കണയ്‌ക്കെതിരായ ജാമ്യമില്ല വാറണ്ട് കോടതി റദ്ദാക്കി
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു കങ്കണയ്‌ക്കെതിരായ നടപടി.
ന്യൂഡല്‍ഹി: എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗത്തിന് എതിരേ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് മുംബൈ കോടതി റദ്ദാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു കങ്കണയ്‌ക്കെതിരായ നടപടി.
മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു കങ്കണയ്‌ക്കെതിരേ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു നടിക്ക് സമന്‍സ് അയച്ചത്.
എന്നാല്‍ കോടതിയില്‍ ഹാജരാവാത്തതിനെതുടര്‍ന്നാണ് കങ്കണയ്‌ക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിക്കുകയായിരുന്നു. സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖിയുടെ വാദം. ശക്തമായ വാദത്തിനൊടുവില്‍ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിക്കുകയിരുന്നു.
അതേസമയം, കര്‍ഷകരെ 'തീവ്രവാദികള്‍' എന്നു വിളിച്ച കേസില്‍ കങ്കണയ്‌ക്കെതിരായ എഫ്‌ഐആര്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. താരത്തെ പോലുള്ള സെലിബ്രേറ്റികള്‍ തങ്ങളുടെ വാക്കുകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശിച്ചായിരുന്നു കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.