സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തം; വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പു ദിനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ചു സര്‍ക്കാരും കമ്മീഷനും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ പരിശോധിച്ചാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കിയത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വോട്ടെണ്ണല്‍ നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിച്ച സ്ഥാനാര്‍ഥിക്ക് വര ണാധികാരിയില്‍ നിന്നു തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ രണ്ടു പേരെ കൂടെ കൊണ്ടുപോകുന്നതിനു കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍വകക്ഷി യോഗത്തില്‍ ഈ കാര്യങ്ങളില്‍ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വരാന്‍ അനുവദിക്കില്ലെന്നും സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാരും കോടതിയിയെ അറിയിച്ചു.
ആഹ്‌ളാദ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പു കമീഷന്‍ കോടതിയില്‍ ഹാജരാക്കി. കമ്മീഷന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ മനസിലാക്കിയ കോടതി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ആരുടെയെങ്കിലും ഭാഗത്തു നിന്നു നിയമലംഘനങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണമന്നെു കോടതി വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആളുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാര്‍ ആവുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ വിദഗ്ദര്‍ പങ്കെടുത്തില്ലെന്നും ഹരജിക്കാര്‍ കോടതില്‍ പറഞ്ഞു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യവും സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.