വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ അഡ്വ. സാദിഖ് നടുത്തൊടി
സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ, ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാന്‍ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാര്‍ലമെന്റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്
മലപ്പുറം: അധികാരക്കൊതി മൂലം ലോക്‌സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മല്‍സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ജനവികാരം ശക്തമാണ് അതുകൊണ്ടാണ് പാര്‍ട്ടി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നത്. പൊതു വികാരത്തെ ഒട്ടും മാനിക്കാത്ത നിലപാടാണ് കുഞ്ഞാലിക്കുട്ടി കൈ കൊണ്ടത്. സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ, ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാന്‍ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാര്‍ലമെന്റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്.
തങ്ങള്‍ക്ക് വോട്ട് ചെയ്തവരെ ഇത്രയധികം പരിഹസിക്കുന്ന നിലപാട് മറ്റൊരു നേതാവില്‍ നിന്നും മുമ്പുണ്ടായിട്ടില്ല. ഇത്തരം അധികാരക്കൊതിയന്മാരെ പാഠം പഠിപ്പിക്കുവാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകേണ്ടതുണ്ട്. മജീദ് ഫൈസി പറഞ്ഞു. ഒറ്റുകാര്‍ക്ക് മാപ്പ് നല്‍കാത്ത മലപ്പുറത്തിന്റെ പാരമ്പര്യം ആവര്‍ത്തിക്കേണ്ടതുണ്ട്. ഈ വികാരം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നതില്‍ ഇടത് മുന്നണി പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വേങ്ങരയില്‍ ഒരു പൊതു സ്ഥാനാര്‍ഥി വരികയാണെങ്കില്‍ പാര്‍ട്ടി പിന്തുണക്കുമെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് വി ടി ഇക്‌റാമുല്‍ ഹഖും പങ്കെടുത്തു.