ഇനി കുറച്ച് ഭൂരിപക്ഷ കാര്‍ഡിറക്കിയേക്കാമെന്ന ചിന്തയാണോ ? മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ പ്രസ്താവന, സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ഭൂരിപക്ഷ കാര്‍ഡിറക്കി നോക്കിയാല്‍ തരക്കേടില്ലെന്ന ചിന്തയില്‍ വന്നതാണോയെന്ന് അറിയില്ല. പല സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് കാര്‍ഡുകള്‍ മാറിക്കളിക്കുന്ന രീതിയാണ് കാണുന്നത്.

Update: 2020-12-19 15:21 GMT

മലപ്പുറം: കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് മുസ്‌ലിം ലീഗാണ് തീരുമാനമെടുക്കുന്നുവെന്ന തരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. വളരെ നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി അതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂരിപക്ഷ പ്രീണനത്തിനാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവന, സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ഭൂരിപക്ഷ കാര്‍ഡിറക്കി നോക്കിയാല്‍ തരക്കേടില്ലെന്ന ചിന്തയില്‍ വന്നതാണോയെന്ന് അറിയില്ല. പല സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് കാര്‍ഡുകള്‍ മാറിക്കളിക്കുന്ന രീതിയാണ് കാണുന്നത്. ചിലപ്പോള്‍ ന്യൂനപക്ഷ കാര്‍ഡ്. അല്ലെങ്കില്‍ ഭൂരിപക്ഷ കാര്‍ഡ്. വ്യത്യസ്തമായ വേറെ ചില കാര്‍ഡുകള്‍. ന്യൂനപക്ഷ കാര്‍ഡിന്റെ കാലത്ത് അത് കളിക്കും. ഇപ്പോള്‍ ഭൂരിപക്ഷ കാര്‍ഡാണ് തല്ലതെന്ന് തോന്നിയോ എന്ന് അറിയില്ല. കാലാകാലങ്ങളില്‍ സാമുദായിക കാര്‍ഡിറക്കി കളിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്.

ഈ വക കാര്യങ്ങളില്‍ മുസ്‌ലിം ലീഗിലെ ഒരു നേതാവും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. അതാണിപ്പോള്‍ ലീഗിന് മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് എവിടുന്നു കിട്ടി പോസ്റ്റിന് ആധാരമായ വിഷയം. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല. ഒറ്റ പരസ്യപ്രസ്താവന കാണിച്ചുതന്നാല്‍ പറയുംപോലെ ചെയ്യാം. സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ആരും പറയാത്ത കാര്യം ഭാവനയില്‍ കണ്ടതാണ്. ഞങ്ങളും ബിജെപിയും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ എന്ന് ധരിച്ച് യുഡിഎഫ് അപ്രസക്തമായെന്ന് പറഞ്ഞാല്‍ കണക്ക് തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News