മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി

സാമൂഹിക പശ്ചാത്തലത്തില്‍ മുന്നോട്ടുപോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മല്‍സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു.

Update: 2024-02-07 05:16 GMT

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗത്തില്‍പെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഇത്തരത്തിലുള്ള നീരീക്ഷണം നടത്തിയത്. സാമൂഹിക പശ്ചാത്തലത്തില്‍ മുന്നോട്ടുപോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മല്‍സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചുകഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാവുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന് വാദത്തിനിടെ ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ബി ആര്‍ ഗവായ് ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹരജിയിലാണ് സുപ്രിം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത്.

Tags:    

Similar News