വര്‍ണ്ണ, ജാതി സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി; അടുത്ത സര്‍സംഘചാലക് ബ്രാഹ്മണനല്ലാത്ത ആളായിരിക്കുമോയെന്ന് ദിഗ്വിജയ് സിംഗ്‌

Update: 2022-10-08 04:17 GMT

നാഗ്പൂര്‍: വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഡോ. മദന്‍ കുല്‍ക്കര്‍ണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.

വര്‍ണ്ണജാതി വ്യവസ്ഥകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിവേചനം ഇല്ലായിരുന്നുവെന്നും, അതിന് ഗുണങ്ങളുണ്ടായിരുന്നു തുടങ്ങിയ അവകാശവാദത്തെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാല്‍, 'അത് കഴിഞ്ഞതാണ്, നമുക്ക് മറക്കാം' എന്നായിരിക്കും ഉത്തരമെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. വിവേചനം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണം ആര്‍എസ്എസ് മേധാവി പറഞ്ഞു.

മുന്‍ തലമുറകള്‍ ലോകത്ത് എല്ലായിടത്തും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്ത്യയിലും അതിന് അപവാദമല്ലെന്നും അദ്ദേഹം പറഞ്ഞു. 'ആ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ പ്രശ്‌നം ഉണ്ടാകേണ്ട കാര്യമില്ല. നമ്മുടെ പൂര്‍വ്വികര്‍ തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുന്നതിലൂടെ അവര്‍ താഴ്ന്നവരായി മാറുമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല, കാരണം എല്ലാവരുടെയും പൂര്‍വ്വികര്‍ തെറ്റ് ചെയ്തിട്ടുണ്ട്' ഭഗവത് കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന് മാറാന്‍ കഴിയുമോയെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വെല്ലുവിളിച്ചിരുന്നു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ദസറ ദിനത്തില്‍ സ്ത്രീകളെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ട്വീറ്റുകളിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തി ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്. ഹിന്ദു രാഷ്ട്രം എന്ന അജണ്ട ആര്‍എസ്എസ് ഉപേക്ഷിക്കുമോ?, ഒരു സ്ത്രീയെ സര്‍സംഘചാലക് ആയി നിയമിക്കുമോ?, അടുത്ത സര്‍സംഘചാലക് കൊങ്കണസ്ത /ചിറ്റ്പാവന്‍ /ബ്രാഹ്മണനല്ലാത്ത ആളായിരിക്കുമോ?, സ്ഥിരമായി ആര്‍.എസ്.എസ്. അംഗത്വം ഉണ്ടാകുമോ?, അംഗത്വം ന്യൂനപക്ഷങ്ങള്‍ക്ക് തുറന്നുകൊടുക്കുമോ? എന്നിങ്ങനെയാണ് ദിഗ്വിജയ് സിംഗിന്റെ ചോദ്യങ്ങള്‍.

Tags:    

Similar News