കോട്ടയം: ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്നു 181 പന്നികളെ കൊന്നു. കോട്ടയത്ത് ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീയുടെ ഉത്തരവ് പ്രകാരമാണ് ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്. ആര്‍പ്പൂക്കരയില്‍ 31 മുതിര്‍ന്ന പന്നികളേയും, ആറ് മാസത്തില്‍ താഴെയുള്ള 67 പന്നികളെയും ദയാവധം നടത്തി സംസ്‌ക്കരിച്ചത്. തുടര്‍ന്ന് ഫാമും പരിസരവും അണുവിമുക്തമാക്കി.
മുളക്കുളത്ത് 50 മുതിര്‍ന്ന പന്നികളേയും ആറ് മാസത്തില്‍ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്‌കരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നാണ് സാംപിളുകള്‍ ലാബിലേക്ക് അയച്ചത്. പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ആര്‍പ്പൂക്കരയില്‍ കഴിഞ്ഞമാസം 11നാണ് ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇന്നലെയാണ് ബംഗളൂരുവില്‍ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തിയത്. വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്.