ഇടുക്കി: ആഫ്രിക്കന്‍ പന്നിപ്പനി ഇടുക്കി ജില്ലയില്‍ വ്യാപിക്കുന്നു. കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നുതുടങ്ങി. കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് നിലവില്‍ കൊല്ലുന്നത്. കൂടുതല്‍ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. കരിമണ്ണൂര്‍ പഞ്ചായത്തില്‍ ഇതുവരെ 300 പന്നികളെയാണ് കൊന്നത്.
ഫാമില്‍ രോഗലക്ഷണമുള്ള പന്നികളെ കണ്ടാല്‍ സമീപത്തെ മൃഗാശുപത്രിയില്‍ റിപോര്‍ട്ട് ചെയ്താല്‍ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകള്‍ റിപോര്‍ട്ട് ചെയ്യാത്ത പ്രശ്‌നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. ആഫിക്കന്‍ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. പന്നികള്‍ക്ക് ഇത് മാരകമായ രോഗമാണ്. കൂട്ടത്തോടെ പന്നികള്‍ ചാവാന്‍ സാധ്യതയുണ്ട്.