23 വര്‍ഷം ജയിലില്‍ അടച്ചതിനു ശേഷം കോടതി പറഞ്ഞു: നിസാര്‍ നിരപരാധിയെന്ന്; ഒരു കശ്മീരി യൂവാവിന്റെ ജീവിത കഥ ഇങ്ങിനെ വായിക്കാം
ശ്രീനഗറിലെ ഷംസ്വരി പ്രദേശത്തെ സാധാരണ കുടുംബത്തിലെ അംഗമായ മിര്‍സ നിസാര്‍ ഹുസൈനെ 1996ലാണ് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് 17 വയസ്സായിരുന്നു പ്രായം.
ശ്രീനഗര്‍: മിര്‍സ നിസാര്‍ ഹുസൈന്‍ കിടന്ന തടവറയില്‍ കാലം നിശ്ചലമായിരുന്നു. ഒരേ ദിവസങ്ങള്‍, ഒരേ ദിനചര്യകള്‍, ആവര്‍ത്തനങ്ങളുടെ ആവര്‍ത്തനങ്ങള്‍. മാറ്റമില്ലാത്ത ദിവസങ്ങള്‍. പക്ഷേ പുറത്ത് കാലം അതിവേഗതയില്‍ മാറിക്കൊണ്ടിരിക്കുകയായിരുന്നു. നീണ്ട വര്‍ഷങ്ങളുടെ തടവു ജീവിതത്തിനൊടുവില്‍ അവസാനം നിസാര്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയപ്പോഴേക്കും 23 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ചെയ്ത കുറ്റം എന്താണെന്നു പോലും അറിയാതെ ജയിലില്‍ അടക്കപ്പെട്ട 17കാരന്‍ നിരപരാധിയാണെന്ന് നീതിന്യായ വ്യവസ്ഥ കണ്ടെത്തിയത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ സാധാരണ സമയപരിധിക്കുള്ളില്‍ തന്നെയായിരുന്നു. പക്ഷേ അപ്പോഴേക്കും മിര്‍സ നിസാര്‍ ഹുസൈന്‍ എന്ന കശ്മീരി യുവാവിന് അദ്ദേഹത്തിന്റെ ജീവിതത്തിലെ 23 വര്‍ഷം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ യൗവ്വനകാലം മുഴുവന്‍ തടവറയിലെ ഇരുട്ടുമുറിക്കകത്ത് ബലികൊടുക്കപ്പെട്ടിരുന്നു.
ശ്രീനഗറിലെ ഷംസ്വരി പ്രദേശത്തെ സാധാരണ കുടുംബത്തിലെ അംഗമായ മിര്‍സ നിസാര്‍ ഹുസൈനെ 1996ലാണ് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് 17 വയസ്സായിരുന്നു പ്രായം. പിതാവിന്റെ മരണശേഷം പഠനം ഉപേക്ഷിച്ച് കടുംബഭാരം ഏറ്റെടുത്ത മൂത്ത സഹോദരന്‍ മിര്‍സ ഇഫ്തിക്കര്‍ ഹുസൈനെ സഹായിക്കാന്‍ ജോലി അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിസാര്‍. താഴെയുള്ള മൂന്നു സഹോദോരങ്ങളെയും മാതാവിനെയും സംരക്ഷിക്കാന്‍ ജോലി തേടിയുള്ള അലച്ചിലിനിടെയാണ് നിസാര്‍ പോലിസിന്റെ പിടിയിലായത്. 1996 മെയ്21 ന് ന്യൂഡല്‍ഹിയില്‍ നടന്ന ലജ്പത് നഗര്‍ സ്‌ഫോടനത്തില്‍ അവര്‍ നിസാറിനെ പ്രതിയാക്കി. 13 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ 17കാരനായ നിസാറിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കസ്റ്റഡിയിലെടുത്ത ഒന്‍പത് ദിവസത്തിന് ശേഷമാണ് നിസാറിനെ അറസ്റ്റു ചെയ്ത കാര്യം പുറത്തുവിട്ടത്. ഒന്‍പത് ദിവസത്തെ നിയമവിരുദ്ധ തടങ്കലില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് നിസാര്‍ പറയുന്നു. അതിനുശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കി.
നിസാറിനെ പിടികൂടിയതിനു പിറകെ സഹോദരന്‍ മിര്‍സ ഇഫ്തിക്കര്‍ ഹുസൈനെയും അറസ്റ്റു ചെയ്തു. രണ്ടുപേരെയും ജയിലില്‍ അടച്ചു. ഇതിനിടെ രാജസ്ഥാനില്‍ നടന്ന മറ്റൊരു സ്‌ഫോടനക്കേസും നിസാറിന്റെ തലയില്‍ കെട്ടിവെച്ചിരുന്നു.
സാമ്പത്തിക പ്രയാസം കാരണം നിസാറിനും സഹോദരനും കേസ് നടത്തുന്നത് പ്രയാസമായിരുന്നു. കടം വാങ്ങിയാണ് കടുബം കേസ് നടത്തിയത്. 13 വര്‍ഷത്തിനു ശേഷം 2010ല്‍ ലജ്പത് നഗര്‍ കേസില്‍ ഇഫ്തിഖറിനെ കോടതി നിരപരാധിയെന്നു കണ്ട് വെറുതെവിട്ടു. പക്ഷേ അപ്പോഴും നിസാറിന്റെ മോചനം സാധ്യമായില്ല. ദില്ലി ഹൈക്കോടതി 2012 ല്‍ നിസാറിനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കി, പക്ഷേ അവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തുപോകാനായില്ല, കാരണം രാജസ്ഥാന്‍ കേസ് അപ്പോഴും നിലനില്‍ക്കുന്നുണ്ടായിരുന്നു. വിചാരണക്കോടതി നിസാറിനെയും മറ്റുള്ളവരെയും 2014ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതില്‍ വിധി പ്രഖ്യാപിച്ചത്. ഒടുവില്‍ നിസാര്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. ജയില്‍ മോചിതനായി നിസാര്‍ പുറത്തുവന്നപ്പോഴേക്കും 40 വയസ്സ് പിന്നിട്ടിരുന്നു.
ജീവിതത്തിന്റെ നല്ല കാലമെല്ലാം ജയിലിനകത്ത് നഷ്ടപ്പെട്ടു പുറത്തു വന്ന മിര്‍സ നിസാര്‍ ഹുസൈന്‍ താനിപ്പോള്‍ പൂര്‍ണ നിരാശയിലാണ് എന്നാണ് പറയുന്നത്. 'ഭാവിയിലേക്കുള്ള എന്റെ പദ്ധതികള്‍ എന്താണെന്ന് ആരെങ്കിലും എന്നോട് ചോദിക്കുമ്പോഴെല്ലാം, നെഞ്ചിനകത്തേക്ക് അമ്പ് കുത്തിയിറക്കുന്നത് പോലെയാണ് തോന്നുന്നത്. എന്റെ ജീവിതം ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എനിക്ക് ഒരു ജോലി വേണം. പക്ഷേ ഞാന്‍ മോചിതനായി പുറത്തുവന്നപ്പോള്‍ കാണുന്നത് സ്ഥിതി വളരെയേറെ മോശമായ കശ്മീരാണ്. എന്നെ മോചിപ്പിക്കുന്നതായി കേട്ടപ്പോള്‍, എന്റെ ജീവിതം തിരികെ ലഭിച്ചുവെന്ന് ഞാന്‍ കരുതി, പക്ഷേ വിധി വേറെയാണ് എനിക്കു കാത്തുവെച്ചത്.' നിസാര്‍ പറഞ്ഞു.