മുകുള്‍ റോയിക്കു പിന്നാലെ ബിജെപി എംഎല്‍എ തന്മയ് ഘോഷും തൃണമൂലിലേക്ക്

Update: 2021-08-30 12:54 GMT

കൊല്‍ക്കത്ത: ബിജെപി നേതാവ് മുകുള്‍ റോയിക്കു പിന്നാലെ ബംഗാളിലെ ബിജെപി എംഎല്‍എ തന്മയ് ഘോഷും തൃണമൂലില്‍ ചേര്‍ന്നു. ഇതോടെ ബംഗാളിലെ ബിജെപി എംഎല്‍എമാരുടെ എണ്ണം 75ആയി. കഴിഞ്ഞ മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബന്‍കുറ ജില്ലയിലെ ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നാണ് തന്മയ് നിയമസഭയിലെത്തിയത്.

കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനുവേണ്ടി നിയമസഭാ അംഗത്വം രാജിവയ്ക്കുമോയെന്ന് തന്മയ് ഘോഷ് വ്യക്തമാക്കിയില്ല. എല്ലാ നിയമമനുസരിച്ചാണ് തൃണമൂലില്‍ ചേര്‍ന്നതെന്ന് തന്മയ് ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു.

''മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന, സാമൂഹികക്ഷേമ പദ്ധതികളുടെ പേരില്‍ ഞാന്‍ എല്ലാ പാര്‍ട്ടി പ്രതിനിധികളെയും തൃണമൂലിലേക്ക് ക്ഷണിക്കുന്നു. അവരുടെ പ്രതിബദ്ധതയും ഭരണമികവുമാണ് എന്നെ തൃണമൂലില്‍ ചേരാന്‍ പ്രേരിപ്പിച്ചത്''- ഘോഷ് പറഞ്ഞു.

ബിജെപി വിടുന്ന രണ്ടാമത്ത എംഎല്‍എയാണ് തന്മയ് ഘോഷ്. തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് ബിജെപി ജയിച്ചത്. തൃണമൂല്‍ 292ല്‍ 213 സീറ്റും നേടി.

ബിജെപിക്ക് മുമ്പ് ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയിയാണ് ജൂണ്‍ 11ന് ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടെങ്കിലും മുകുള്‍ റോയി ഇതുവരെ എംഎല്‍എ സ്ഥാനം രാജിവച്ചില്ലെന്നു മാത്രമല്ല, നിയമസഭാ അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അംഗവുമാണ്. ബിജെപി മുകുള്‍ റോയിക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News