മുകുള്‍ റോയിയുടെ തൃണമൂല്‍ പ്രവേശം; കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് സുവേന്ദു അധികാരി ആദ്യം സ്വന്തം പിതാവിനെ ബോധവല്‍ക്കരിക്കട്ടെയെന്ന് തൃണമൂല്‍ നേതാവ്

Update: 2021-06-14 02:32 GMT

കൊല്‍ക്കത്ത: കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി ആദ്യം സ്വന്തം പിതാവിനെയാണ് ബോധവല്‍ക്കരിക്കേണ്ടതെന്ന് തൃണമൂല്‍ മുതിര്‍ന്ന നേതാവ് കുനല്‍ ഘോഷ്. തിരഞ്ഞെടുപ്പിന് അടുത്തെത്തിയ സമയത്താണ് സുവേന്ദു അധികാരിയുടെ പിതാവ് ശിശില്‍ അധികാരി എംഎല്‍എ ആയിരിക്കെയാണ് സ്ഥാനം രാജിവയ്ക്കാതെ തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്.

''കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് സുവേന്ദു അധികാരിക്ക് നല്ലവണ്ണം അറിയാമെങ്കില്‍ അത് ആദ്യം പഠിപ്പിക്കേണ്ടത് പിതാവ് ശിശിര്‍ അധികാരിയെയാണ്. തൃണമൂല്‍ എംഎല്‍എയായിരിക്കുമ്പോഴാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കാതെ ബിജെപിയിലെത്തിയത്.''- കുനല്‍ ഘോഷ് പറഞ്ഞു.

മുകുള്‍ റോയിയും മകന്‍ സുബ്രാന്‍സു റോയിയും മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ചാണ് സുവേന്ദുവിന്റെ പ്രതികരണം. ബംഗാളില്‍ തൃണമൂല്‍ അധികാരംപിടിച്ചുപറ്റി മാസങ്ങള്‍ക്കുളളിലാണ് മുകുള്‍ റോയി ബിജെപിയില്‍ നിന്ന് തൃണമൂലില്‍ തിരിച്ചെത്തിയത്.

''മുകുള്‍ റോയ് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല. സംസ്ഥാനത്തെ ഏക പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയായതിനാല്‍ ടിഎംസി ഇപ്പോള്‍ ഞങ്ങളെ ലക്ഷ്യം വയ്ക്കും. കൂറുമാറ്റ നിരോധന നിയമം ഇതിനുമുമ്പ് പശ്ചിമ ബംഗാളില്‍ നടപ്പാക്കിയിട്ടില്ല, എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സംസ്ഥാനത്ത് അത് നടപ്പാക്കാനുള്ള ചുമതല ഞാന്‍ ഏറ്റെടുക്കും. ഇതിന് രണ്ട് മൂന്ന് മാസം എടുക്കും''- സുവേന്ദു പറഞ്ഞു.

മുകുള്‍ റോയി പാര്‍ട്ടിവിട്ടതും എംഎല്‍എ സ്ഥാനം നിലനിര്‍ത്തുന്നതുമായ രീതി ശരിയല്ലെന്ന് സുവേന്ദു വിമര്‍ശിച്ചു.

Tags:    

Similar News