ഒക്ടോബര്‍ 25നുശേഷം ഡല്‍ഹിയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രം ഇന്ധനം

Update: 2022-10-01 10:40 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ 25 മുതല്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ വാഹന ഉടമകള്‍ക്ക് ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്.

സെപ്തംബര്‍ 29ന് നടന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

'ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് വാഹനമലിനീകരണം. ഇത് കുറയ്‌ക്കേണ്ടത് അനിവാര്യമാണ്, അതിനാല്‍ ഒക്ടോബര്‍ 25 മുതല്‍ വാഹനത്തിന്റെ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കില്ലെന്ന് തീരുമാനിച്ചു'- റായ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതു സംബന്ധിച്ച വിജ്ഞാപനവും ഉടന്‍ പുറപ്പെടുവിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതിയുടെ രീതികള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉള്‍പ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങള്‍ 2022 ജൂലൈ വരെ പുകസര്‍ട്ടിഫിക്കറ്റില്ലാതെ ഓടുന്നുണ്ട്.

സാധുതയുള്ള പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍, വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ആറ് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News