അയോധ്യയിലെ രാമക്ഷേത്രത്തിനു പിന്നാലെ കാശി, മഥുര വൃന്ദാവന്‍, വിന്ധ്യാവാസിനി...; ഭീഷണിയുമായി യോഗി ആദിത്യനാഥ്
ലഖ്‌നോ: രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കാശിയും മഥുര വൃന്ദാവനും വിന്ധ്യവാസിധമും നൈമിഷ്ധമും ഉയര്‍ന്നുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നോവില്‍ ബിജെപിയുടെ ഏകദിന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് യോഗി ആദിത്യനാഥ് പട്ടിക പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ഈദിലെ അവസാന വെളളിയാഴ്ച മുസ് ലിംകള്‍ റോഡുകളില്‍ നമസ്‌കരിച്ചില്ലെന്നും യോഗി അറിയിച്ചു.
കാശിയില്‍ പ്രതിദിനം ലക്ഷക്കണക്കിനു പേര്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'രാമനവമിയും ഹനുമാന്‍ ജയന്തിയും സമാധാനപരമായി പര്യവസാനിച്ചു. ഈദിന്റെ അവസാന വെള്ളിയാഴ്ച തെരുവുകളില്‍ നമസ്‌കാരം ഇല്ലാതിരുന്നത് ഇത് ആദ്യമാണ്. നമസ്‌കാരത്തിന് മസ്ജിദുണ്ടല്ലോ... അനാവശ്യ ശബ്ദങ്ങള്‍ ഇല്ലാതാവുന്നത് എങ്ങനെയാണെന്നു കണ്ടോ'- ആരാധനാലയങ്ങളില്‍നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതിനെക്കുറിച്ച് യോഗി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ചേരുന്ന ആദ്യ പാര്‍ട്ടി എക്‌സിക്യൂട്ടിവാണ് ഇന്നലെ നടന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
2019ല്‍ ബിജെപി 62 ലോക്‌സഭാ സീറ്റാണ് നേടിയത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദള്‍-എസ് രണ്ട് സീറ്റും നേടി.
അയോധ്യയിലെ രാമക്ഷേത്രനു ശേഷം കാശിയാണ് നമുക്ക് മുന്നിലുള്ളത്. മഥുരയിലെ വൃന്ദാവന്‍, വിന്ധ്യാവാസിനി ധം, നൈമിഷ് ധം എന്നിവ ഒരിക്കല്‍ക്കൂടെ ഉയര്‍ന്നുവരികയാണ്. ഈ സമയത്ത് നമുക്ക് മുന്നേറേണ്ടതുണ്ട്- മഥുരയിലും വാരാണസിയും നിയമനടപടികള്‍ നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.