സംസ്ഥാനത്ത് വീണ്ടും കൂട്ടസ്ഥിരപ്പെടുത്തല്‍: ടൂറിസം കോര്‍പറേഷനില്‍ 100 പേരെ സ്ഥിരപ്പെടുത്തും
വയനാട് മെഡിക്കല്‍ കോളജില്‍ 140 പുതിയ തസ്തികകള്‍
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.
കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ.
വയനാട് മെഡിക്കല്‍കോളജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.