മാസ്‌ക് ധരിക്കാതെ മന്ത്രിസഭാ യോഗത്തിനെത്തി; ഗുജറാത്ത് മന്ത്രിക്ക് 200 രൂപ പിഴ
കായികം, യുവജനക്ഷേമം, സഹകരണം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഈശ്വര്‍ സിങ് താക്കോര്‍ഭായ് പട്ടേലാണ് മാസ്‌ക് ധരിക്കാതെ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത് കുടുങ്ങിയത്. മന്ത്രി മാസ്‌ക് ധരിക്കാതെ യോഗത്തിനെത്തുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
അഹമ്മദാബാദ്: മാസ്‌ക് ധരിക്കാതെ കാബിനറ്റ് യോഗത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഗുജറാത്ത് മന്ത്രിക്ക് പിഴയായി നല്‍കേണ്ടി വന്നത് 200 രൂപ. കായികം, യുവജനക്ഷേമം, സഹകരണം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഈശ്വര്‍ സിങ് താക്കോര്‍ഭായ് പട്ടേലാണ് മാസ്‌ക് ധരിക്കാതെ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത് കുടുങ്ങിയത്. മന്ത്രി മാസ്‌ക് ധരിക്കാതെ യോഗത്തിനെത്തുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. മറ്റ് സഹമന്ത്രിമാരും ഉദ്യോഗസ്ഥരും മാസ്‌ക് ധരിച്ചുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. മന്ത്രിയുടെ നടപടി വിവാദമായതോടെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ 200 രൂപ പിഴ ചുമത്തുകയായിരുന്നു.
മാസ്‌ക് ധരിച്ചാണ് മന്ത്രിസഭായോഗത്തില്‍നിന്ന് ഈശ്വര്‍ സിങ് പുറത്തുവന്നത്. മന്ത്രിസഭായോഗത്തിനുശേഷം പിഴ ഒടുക്കിയ മന്ത്രി ഇതിന്റെ രസീത് മാധ്യമങ്ങളെ കാണിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അശ്രദ്ധകൊണ്ട് സംഭവിച്ച പിഴവാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്റെ തെറ്റ് മനസ്സിലാക്കിയതിനുശേഷം ഞാന്‍ 200 രൂപ പിഴ അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കാതെ യോഗത്തിനെത്തിയതിന് മന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചതായും റിപോര്‍ട്ടുകളുണ്ട്.