വീണ്ടും രാഷ്ട്രീയ നിയമന നീക്കം; നഗരസഭാ അധ്യക്ഷന്മാര്‍ക്ക് പെഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി

രണ്ട് വര്‍ഷം തികയുമ്പോള്‍ പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം പുതിയ ആളെ നിയമിക്കുന്നു

Update: 2022-02-20 08:20 GMT

തിരുവനന്തപുരം: നഗരസഭാ അധ്യക്ഷന്‍മാര്‍ക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കരാര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എല്‍ഡി ക്ലര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.

ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം കൃഷ്ണദാസിന്റെ വിശദീകരണം. മുന്‍സിപ്പാലിറ്റികളില്‍ ഉദ്യോഗസ്ഥരുടെ ക്ഷമമുള്ളതിനാലാണ് കരാര്‍ വ്യവസ്ഥയിലെ നിയമനം. നിമയനം പൂര്‍ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തടയുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണറുടെ അടുത്ത നീക്കം എന്തെന്ന് കാത്തിരിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രീതിയില്‍ അക്കൗന്‍ഡന്റ് ജനറലിനെ ഇടപെടുത്താനാണ് രാജ് ഭവന്‍ നീക്കം. പക്ഷേ, സ്റ്റാഫ് നിയമനം സര്‍ക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ മുന്നറിയിപ്പില്‍ ഇന്ന് ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതികരണമുണ്ടാകും.

രണ്ട് വര്‍ഷം തികയുമ്പോള്‍ പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം പുതിയ ആളെ നിയമിക്കുന്നു

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വന്‍ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണമായും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവന്‍ പെന്‍ഷനും കിട്ടും

ഗവര്‍ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ പ്രശ്‌നം മുന്‍പും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെന്‍ഷന്‍ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കും. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്‌നമല്ല. സംസ്ഥാനത്ത് പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസുള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ 3550 രൂപയാണ്. സര്‍വീസും തസ്തികയുമനുസരിച്ച് പെന്‍ഷന്‍ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ്.

എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെന്‍ഷന്‍ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫിനെ പെന്‍ഷന്‍ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു.

Tags:    

Similar News