വിജ്ഞാപനം പുറത്തിറങ്ങി; ആഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് വനിതകളും

ശബരിമല യുവതീ പ്രവേശനം വന്‍ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതിനു പിന്നാലെ സ്ത്രീവിലക്ക് നിലനിന്നിരുന്ന അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്കും വനിതകള്‍ ചുവടുവയ്ക്കുന്നു.

Update: 2019-01-05 07:59 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം വന്‍ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതിനു പിന്നാലെ സ്ത്രീവിലക്ക് നിലനിന്നിരുന്ന അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്കും വനിതകള്‍ ചുവടുവയ്ക്കുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഈമാസം 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രെക്കിങ് നടക്കുന്നത്. ഇതിനായി വനംവകുപ്പിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിച്ചു.

1868 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയുമാണ് നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ പ്രസിദ്ധമായ ട്രെക്കിങ് കേന്ദ്രമായ അഗസ്ത്യാര്‍കൂടം. ഇലപൊഴിയും വനങ്ങള്‍, നിത്യഹരിതവനങ്ങള്‍, പുല്‍മേടുകള്‍, പാറക്കെട്ടുകള്‍ എന്നിവയുള്ള ദുര്‍ഘടമായ പ്രദേശങ്ങളിലൂടെ ട്രെക്കിങിനും മടക്കയാത്രയ്ക്കുമായി മൂന്നുദിവസം ആവശ്യമാണ്. അതിരുമലയില്‍ നിന്നും അഗസ്ത്യാര്‍മുടിയിലേക്കുള്ള ആറര കിലോമീറ്റര്‍ ചെങ്കുത്തായ പാറക്കെട്ടുകളാലും മലനിരകളാലും ദുര്‍ഘടമാണ്.

വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിന് കാരണമായത്. എന്നാല്‍, സ്ത്രീകള്‍ മല കയറുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാംപായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞവര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ വിശ്വാസത്തിന്റെ ഭാഗമായി ആദിവാസികളും ചില സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അതിരുമല വരെ പ്രവേശനം നിശ്ചയിച്ചത്.

എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം യുവതികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ സ്ത്രീകള്‍ക്കും കോടതി അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ 14 വയസ്സിന് മുകളില്‍ പ്രായമുള്ള കായികക്ഷമതയുള്ള ആര്‍ക്കും ട്രെക്കിങ് നടത്താമെന്ന് വ്യക്തമാക്കി വനംവകുപ്പ് വിജ്ഞാപനം ഇറക്കി. സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാംപായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാവുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു. ബേസ് ക്യാംപില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്.

Tags:    

Similar News