ന്യൂഡല്‍ഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഇതുവരെ നല്‍കിയത് 4.5 ലക്ഷം ഡോസുകള്‍. രാജ്യത്തെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ഇതിനു പുറമെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം നടക്കുന്നുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് രാജ്യത്ത് 15-18 വയസ്സുകാര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 2007ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
ഇന്ന് രാവിലെ വരെ എട്ട് ലക്ഷത്തിലേറെ കൗമാരക്കാര്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. കോവാക്‌സിനാണ് ഇവര്‍ക്ക് നല്‍കുന്നത്.
വാക്‌സിനേഷന്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് നല്‍കേണ്ടതെന്നും വാക്‌സിന്‍ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടേത് നീല നിറമാണ്.