എന്‍ആര്‍സിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ഡാറ്റാബേസ് പ്ലാന്‍ തയ്യാറാക്കുന്നു

Update: 2022-10-14 04:17 GMT

ന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി അഖിലേന്ത്യാ ഡാറ്റാബേസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ബില്ല് തയ്യാറാക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന മരണ കണക്കുകള്‍ ദേശീയ തലത്തില്‍ ക്രോഡീകരിക്കുന്ന പദ്ധതിയാണ് ഇത്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നിലവില്‍ സംസ്ഥാന സര്‍ക്കാരുകളാണ് ഇത്തരം കണക്കുകള്‍ സൂക്ഷിക്കുന്നത്. പ്രാദേശിക രജിസ്ട്രാര്‍മാര്‍ക്കാണ് ഇപ്പോള്‍ ഇതിന്റെ ചുമതല. ബില്ല് പാസ്സാക്കുന്നതിന്റെ ഭാഗമായി കാബിനറ്റ് നോട്ട് തയ്യാറാക്കിയിട്ടുണ്ട്.

പൗരത്വപട്ടിക തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ആധാറും വോട്ടര്‍പട്ടികയും തമ്മില്‍ സ്വമേധയാ ബന്ധിപ്പിക്കുന്ന പദ്ധതി പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പാക്കാനായില്ല. ഇത് സാധ്യമാകണമെങ്കില്‍ പ്രാതിനിധ്യനിയമത്തില്‍ മാറ്റം വരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ജനസംഖ്യാ രജിസ്റ്റര്‍, വോട്ടര്‍പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ബന്ധിപ്പിച്ച് ഒറ്റ ഡാറ്റാബേസിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് സാധ്യമാക്കുന്ന രീതിയില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനും കാബിനറ്റില്‍ ആലോചിച്ചിരുന്നു.

കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ വഴി ജനന-മരണ കണക്കുകള്‍ സംസ്ഥാന രജിസ്ട്രാര്‍മാരുടെ സഹായത്തോടെ ക്രോഡീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍പട്ടിക, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡാറ്റാബേസുകള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കും.

ദേശീയ പൗരത്വ രജിസ്റ്റര്‍ താമസിയാതെ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഉദ്ദേശ്യമെന്നും കേന്ദ്രം വാദിക്കുന്നു.

അസമിലാണ് പൗരത്വനിയമഭേദഗതിയുടെ ചുവടുപിടിച്ച് എന്‍ആര്‍സിക്ക് തുടക്കം കുറിച്ചത്. ഇത് സംസ്ഥാനത്തും രാജ്യത്താസകലം വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി.

2015നു മുന്ന് പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ മുസ് ലിം ഭൂരിപക്ഷരാജ്യത്തുനിന്ന് ഇന്ത്യയിലെത്തിയ അമുസ് ലിംകളായവര്‍ക്ക് പൗരത്വം നല്‍കുകയാണ് പൗരത്വഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

Tags:    

Similar News