എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടുന്നത് ആലോചനയിലില്ല: മന്ത്രി വി ശിവന്‍കുട്ടി

നിയമനം പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു

Update: 2022-05-30 07:59 GMT

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടുന്നത് ആലോചനയിലില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ റിപോര്‍ട്ട് ചെയ്യണം. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി യോഗ്യതയുള്ളവരെ നിയമിക്കുമ്പോള്‍ പിടിഎ നിയമിച്ചവരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മണക്കാട് ടിടിഐയില്‍ കെഎസ്ആര്‍ടിസി ക്ലാസ് മുറി മന്ത്രി ആന്റണി രാജുവിനൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി എകെ ബാലന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. നിയമനം പിഎസ്‌സിക്ക് വിടണമെന്നായിരുന്നു എകെ ബാലന്റെ പരാമര്‍ശം. മാനേജ്‌മെന്റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.

എ കെ ബാലന്റെ പരാമര്‍ശം വിവാദമായതോടെ എന്‍എസ്എസും, ക്രിസ്ത്യന്‍ സഭകളുമടക്കം വിമര്‍ശനവുമായി വന്നിരുന്നു. പിന്നാലെ തിരുത്തുമായി സിപിഎം രംഗത്തുവന്നു. ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News