വടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു

Update: 2024-12-28 11:13 GMT

ഗസ: കമല്‍ അദ് വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രായേല്‍ സൈന്യം. ഗസയിലെ പ്രവര്‍ത്തനക്ഷമമായ അവസാനത്തെ ആശുപത്രിയാണ് കമല്‍ അദ്വാന്‍. നിരവധി പോരാണ് ഇവിടെ രോഗികളായുണ്ടായിരുന്നത്. എന്നാല്‍ ഇസ്രാടയേല്‍ സൈന്യം ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടക്കം അര്‍ധ നഗ്നരാക്കി നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുക്കിയതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. കമാല്‍ അദ് വാന്‍ ഹോസ്പിറ്റല്‍ പ്രദേശത്ത് തങ്ങള്‍ ഒരു ഓപറേഷന്‍ ആരംഭിച്ചതായി വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രമാണ് കമാല്‍ അദ്വാന്‍ ആശുപത്രി എന്നു പറഞ്ഞാണ് അവരുടെ ആക്രമണം.

കമാല്‍ അദ് വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഹുസാം അബു സഫിയ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ജീവനക്കാരെ ഇസ്രായേല്‍ സൈന്യം ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രി പരിസരത്തു നിന്നു വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്ന അല്‍ ജസീറ ലേഖകനെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ നിന്ദ്യമായ യുദ്ധക്കുറ്റം' എന്നും അധിനിവേശ ഫലസ്തീന്‍ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയാണിതെന്നും ഇറാന്‍ അപലപിച്ചു. വിഷയത്തില്‍ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മൗനം നീതീകരിക്കാനാവാത്തതാണെന്നും ഇറാന്‍ പറഞ്ഞു.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മെയ്ല്‍ ബഗായി, മെഡിക്കല്‍ സ്ഥാപനത്തിന് നേരെയുള്ള ഇസ്രായേലിന്റെ നടപടി ക്രൂരവും അപലപനീയമാണെന്നും പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങളുടെയും കടുത്ത ലംഘനത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ആരോഗ്യസംവിധാനത്തെ പൂര്‍ണമായി തകര്‍ക്കുക, കുട്ടികള്‍, സ്ത്രീകള്‍, പരിക്കേറ്റവര്‍, രോഗികള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന വൈദ്യസഹായം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അതിക്രമം നടത്തിയതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 45,736 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 108,038 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തു.

Tags:    

Similar News