കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചാൽ പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമായി കുറയ്ക്കാനാവുമെന്ന് എയിംസ് മെഡിസിന്‍ മേധാവി

Update: 2021-04-26 06:15 GMT

ന്യൂഡല്‍ഹി: കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ കടുപ്പിക്കുകയാണെങ്കില്‍ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് മൂന്നാഴ്ച കൊണ്ട് 5 ശതമാനത്തിലേക്ക് താഴ്ത്താനാവുമെന്ന് ഡല്‍ഹി എയിംസ് മെഡിസന്‍ മേധാവി ഡോ. നവീത് വിങ്. കൊവിഡുമായി ബന്ധപ്പെട്ട് വിളിച്ചചേര്‍ത്ത യോഗത്തിലാണ് ഡോ. വിങ്ങ് നിര്‍ദേശം മുന്നോട്ടുവച്ചത്. എയിംസ് മേധാവി ഡോ. രന്‍ദീപ് ഗുലേറിയ, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍കുമാര്‍, മേദാന്ത ചെയര്‍മാന്‍ ഡോ. നരേഷ് ത്രെഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ കൊവിഡ് നിയന്ത്രണത്തിലെത്തിക്കാനാവൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജില്ലാ അധികാരികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. അത് 1-5 ശതമാനത്തിനു താഴെയെത്തിക്കാന്‍ ശ്രമിക്കണം. മുംബൈയില്‍ നേരത്തെ 26 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. നിയന്ത്രണം കടുപ്പിച്ചതോടെ അത് 14 ശതമാനമായി. ഡല്‍ഹിയില്‍ 30 ശതമാനമാണ് നിരക്ക്. അവിടെയും നിയന്ത്രണം കടുപ്പിക്കണം- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന രോഗബാധയായിരുന്നു ഇത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, കേരളം, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 74.53 ശതമാനം കൊവിഡ് കേസുകളുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

രാജ്യത്തെ കൊവിഡ് സജീവരോഗികളുടെ എണ്ണം 26,82,751 ആണ്. ആകെ കേസുകളുടെ 15.82 ശതമാനമാണ് ഇത്.

Tags:    

Similar News