എയിംസ്: നടപടികള്‍ വേഗത്തിലാക്കി കേരളം; കോഴിക്കോട്ടെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാന്‍ അനുമതി

എയിംസിനായി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ കോഴിക്കോട്ടെ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

Update: 2022-04-27 01:22 GMT

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. എയിംസിനായി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ കോഴിക്കോട്ടെ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. നിലവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുക. കിനാലൂരിലെ ഭൂമിയാണ് ആരോഗ്യ വകുപ്പിന് കൈമാറാന്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതായാണ് വിവരം.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിക്കപ്പെടുന്നത്. കെ മുരളീധരന്‍ എംപിക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോഴിക്കോട് കിണാലൂരില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യം കെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് അറിയിപ്പ്.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലം നിര്‍ദേശിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നിര്‍ദേശിച്ചിരുന്നത് എന്നാണ് വിവരം. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്. രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്.

Tags:    

Similar News