'അദ്ദേഹം ഗുരുതരാവസ്ഥയില്‍, സ്‌കാനിങ്ങിന് 2024 വരെ കാത്തിരിക്കാനാവില്ല; ഇ അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എയിംസിന്റെ റിപോര്‍ട്ട് തേടി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ഇടക്കാല ജാമ്യഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. ഇ അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. എന്‍ഐഎയ്ക്കും ഡല്‍ഹി എയിംസിനുമാണ് നിര്‍ദേശം നല്‍കിയത്. എന്തുതരം ചികില്‍സയാണ് നല്‍കേണ്ടത്, നിലവിലെ അബൂബക്കറിന്റെ ആരോഗ്യസാഹചര്യം തുടങ്ങിയവ സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യത്തിനൊപ്പം എംയിസില്‍ ചികില്‍സയും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇ അബൂബക്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭിഭാഷകന്‍ അഡ്വ. ആദിത് പൂജാരി വിശദീകരിച്ചപ്പോള്‍, ഒരു സ്‌കാനിങ്ങിന് അബൂബക്കറിന് 2024 വരെ കാത്തിരിക്കാനാവില്ലെന്ന് എന്‍ഐഎയോട് കോടതി പറഞ്ഞു. രക്തസമ്മര്‍ദ്ദം, പ്രമേഹം, കാഴ്ചക്കുറവ് എന്നിവയ്‌ക്കൊപ്പം അപൂര്‍വ തരത്തിലുള്ള അന്നനാള കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയുള്‍പ്പെടെ ഒന്നിലധികം അസുഖങ്ങള്‍ അബൂബക്കറിനുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 'ഡോക്ടര്‍മാരുടെ രോഗനിര്‍ണയം എന്താണ്, എന്താണ് ചികില്‍സ ശുപാര്‍ശ ചെയ്യുന്നത് ? 2024 വരെ അദ്ദേഹത്തിന് സ്‌കാനിങ്ങിനായി കാത്തിരിക്കാനാവില്ല. ഇത് പൂര്‍ണമായും അംഗീകരിക്കാനാവില്ല. അദ്ദേഹം ഒരു കുറ്റത്തിന് തടവിലാണ്, അത് മറ്റൊരു കാര്യമാണ്, പക്ഷേ, ചികില്‍സയ്ക്ക് 2024 വരെ കാത്തിരിക്കാനാവില്ല. ഇതൊരു പരിശോധനയാണ്'- അബൂബക്കറിന്റെ മസ്തിഷ്‌ക എംആര്‍ഐയ്ക്ക് നിശ്ചയിച്ച തിയ്യതിയെക്കുറിച്ച് ചൂണ്ടിക്കാട്ടിയ ശേഷം ബെഞ്ച് പറഞ്ഞു.
'കുറ്റാരോപിതന്‍ മാത്രമാണ് അബൂബക്കര്‍. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍, ചികില്‍സ സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കും. അബൂബക്കര്‍ ഗുരുതരാവസ്ഥയിലാണ് എന്നതാണ് കാര്യം. അതുകൊണ്ട് സ്‌കാനിങ്ങിനായി 2024 വരെ കാത്തിരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ട് എവിടെ ? ഒടുവില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ എയിംസിന് നിര്‍ദേശം നല്‍കണമോ എന്ന് ഞങ്ങള്‍ക്ക് പരിഗണിക്കേണ്ടിവരും. ചികില്‍സയുടെ കാര്യത്തില്‍ ഏറ്റവും നല്ല മാര്‍ഗം ഏതെന്ന് ഈ കോടതിയെ അറിയിക്കണം.
എങ്കില്‍ അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്, ഞങ്ങള്‍ അത് നിര്‍ദ്ദേശിക്കും. അദ്ദേഹത്തിന് ചികില്‍സ ലഭിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്'- ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, ജസ്റ്റിസ് തല്‍വന്ത് സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അബൂബക്കറിന്റെ അസുഖങ്ങളെക്കുറിച്ചും ആവശ്യമായ ചികില്‍സയെക്കുറിച്ചും എയിംസ് വിദഗ്ധരുടെ മെഡിക്കല്‍ അഭിപ്രായം ഉള്‍പ്പെടുത്തി സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി എന്‍ഐഎയ്ക്ക് നോട്ടീസ് നല്‍കി. ഹരജി ഡിസംബര്‍ 14ന് വീണ്ടും പരിഗണിക്കും.
അബൂബക്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ ജഡ്ജി നിരസിച്ചതായും ആവശ്യാനുസരണം എയിംസില്‍ ചികില്‍സ നല്‍കാമെന്നുമാണ് അറിയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 'അദ്ദേഹത്തിന് 70 വയസ്സുണ്ട്. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ഒരു ടെസ്റ്റ് ഇപ്പോള്‍ 2023 ജനുവരിയലാണ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എല്ലാം സമയത്തിന് അനുസരിച്ച് നടക്കുന്നുവെന്ന് കാണിക്കുന്നുവെന്നാണ് എന്‍ഐഎ ജഡ്ജി പറഞ്ഞത്. എന്നാല്‍, ചികില്‍സ അടിയന്തരമാണ്. അദ്ദേഹം വളരെ വേദനയിലാണ് കഴിയുന്നതെന്ന് ആദിത് പൂജാരി വാദിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് ഒരു ന്യായീകരണവുമില്ല.
എഫ്‌ഐആറില്‍ പറയുന്നതുപോലെ ഒരു ഗൂഢാലോചനയും അദ്ദേഹം നടത്തിയിട്ടില്ല. എന്‍ഐഎ ഏറെക്കാലമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാമ്യത്തിനുള്ള അപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സാധാരണ ജാമ്യത്തിനുള്ള അപേക്ഷയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. അദ്ദേഹത്തെ വീട്ടില്‍ ചികില്‍സിക്കാന്‍ കഴിയില്ല. അതാണോ നിങ്ങളുടെ ആവശ്യമെന്നും കോടതി ചോദിച്ചു.
ഗൗതം നവ്‌ലാഖയെ വീട്ടിതടങ്കലിലാക്കിയത് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗൗതം നവ്‌ലാഖയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. എല്ലാവരും വന്ന് ഈ ഗൗതം നവ്‌ലാഖയെ ആശ്രയിക്കുകയാണെന്ന് എന്‍ഐഎയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനും വാദത്തിനിടെ പറഞ്ഞു. നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കാനുള്ള നവംബര്‍ 10 ലെ ഉത്തരവ് എല്ലാവരും എങ്ങനെയാണ് പെട്ടെന്ന് ആശ്രയിക്കുന്നതെന്ന് പൂജാരി തിരിച്ച് ചോദിച്ചു.