ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച് അജയ് മാക്കന്‍; പി സി ചാക്കോയ്ക്ക് ചുമതല
ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്ന് സൂചനയുണ്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് രാജിവച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവി അജയ് മാക്കന്‍ രാജിവച്ചു.രാജിക്കത്ത് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 54കാരനായ മാക്കന്‍ നാലു വര്‍ഷം മുമ്പാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലിരുന്ന പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിനെതുടര്‍ന്നായിരുന്നു മാകന്റെ സ്ഥാനലബ്ദി.ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്ന് സൂചനയുണ്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് രാജിവച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ട്വീറ്റിലൂടെ മാക്കന്‍ രാജി പ്രഖ്യാപിച്ചത്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത തനിക്ക് രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചതെന്ന് മാക്കന്‍ ട്വീറ്റില്‍ പറയുന്നു.
മൂന്നു മാസം മുന്‍പും ആരോഗ്യകാരണം ചൂണ്ടിക്കാട്ടി മാക്കന്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് നിഷേധിച്ചു. 2017 മെയില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോഴും മാക്കന്‍ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതേസമയം, മാക്കന്‍ രാജിവച്ച ഒഴിവിലേക്ക് പിസി ചാക്കോയെ നിയമിച്ചതായി റിപോര്‍ട്ടുകളുണ്ട്.