'തില്ലങ്കേരി വിവാദം മുന്‍കൂട്ടി നിശ്ചയിച്ചത്, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് കളങ്കിതനായ വ്യക്തി'; ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതില്‍ വിശദീകരണവുമായി എം ഷാജര്‍
കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ രംഗത്ത്. തില്ലങ്കേരി നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തന്നെയും ഡിവൈഎഫ്‌ഐയെയും ആസൂത്രിതമായി താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളും പാര്‍ട്ടി വിരുദ്ധരായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമ്മാനാര്‍ഹരായ മറ്റ് കുട്ടികള്‍ക്ക് ട്രോഫി നല്‍കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടന്ന സംഭവത്തിന്റെ യാഥാര്‍ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്.
ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരേ സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാര്‍ഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങാന്‍ പോവുമ്പോള്‍ കേരളോല്‍സവത്തില്‍ പങ്കെടുത്ത് വിജയിച്ച ക്ലബ്ബ് അംഗങ്ങള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മല്‍സരങ്ങളിലെ വിജയികള്‍ക്കും സമ്മാനം നല്‍കാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മല്‍സരത്തിലെ വിജയികള്‍ക്ക് കൂടെ സമ്മാനം നല്‍കുന്നതിനായി അനൗണ്‍സ് ചെയ്യുന്നത്.
ആ അവസരം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ സമ്മാനം നല്‍കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സംഘാടകരുടെ ആവശ്യം മാനിച്ചുകൊണ്ടാണ് സമ്മാനം വിതരണം ചെയ്തത്. പാര്‍ട്ടിയെയും പാര്‍ട്ടി അടയാളങ്ങളെയുമെല്ലാം സ്വാര്‍ഥലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികള്‍ ആ അവസരം മുതലെടുത്തു. പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലര്‍ക്കും ഫോട്ടോ അയച്ചുകൊടുക്കുന്നു.
നേരത്തെ നിശ്ചയിച്ചുവച്ചതുപോലെ നിമിഷ നേരങ്ങള്‍കൊണ്ട് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ വാഴ്ത്തുപാട്ടുകള്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്താ തലക്കെട്ടുകളായി. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ട ക്വട്ടേഷന്‍ ലഹരിമാഫിയാ സംഘങ്ങള്‍ക്ക് പ്രചാരവേല നടത്താനുള്ള ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത ദു:ഖകരമാണ്. മാധ്യമങ്ങള്‍ ക്വട്ടേഷന്‍ മാഫിയയ്ക്ക് പക്ഷം പിടിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഈ ഇരട്ടത്താപ്പിനെ തുറന്നുകാണിക്കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാവുമെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.