തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ജൂണ്‍ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് മോട്ടോര്‍ ബൈക്കില്‍ തനിച്ചെത്തിയ ആള്‍ പോലിസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിലേക്ക് സ്‌കൂട്ടറില്‍ എത്തിയ ആള്‍ സ്‌ഫോടക വസ്തു എറിഞ്ഞിട്ട് 23 ദിവസമായി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറന്‍സിക്കിന് കിട്ടിയത് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. നാടന്‍ പടക്കിന് സമാനമായ സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് കരുതുന്നത്.