അപവാദ പ്രചരണം: യുട്യൂബര്‍ക്കെതിരേ 500 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാര്‍

മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രം 'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം.

Update: 2020-11-20 10:54 GMT

മുംബൈ: ബിഹാര്‍ സ്വദേശിയായ യുട്യൂബര്‍ക്കെതിരേ ബോളിവുഡ് താരം അക്ഷയ്കുമാര്‍ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് വക്കീല്‍ വഴി താരം നോട്ടിസ് നല്‍കിയത്. സുശാന്ത് സിങ് രാജ്പുത് കേസുമായി തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്.

റാഷിദിന്റെ വ്യാജ വിഡിയോസും പ്രചരണങ്ങളും തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് കളങ്കവും സംഭവിച്ചെന്നും താരം ചൂണ്ടിക്കാട്ടി.

റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരേ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അപകീര്‍ത്തി പ്രചരണം, മനഃപൂര്‍വമായ അപമാനപ്രചരണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസ് ഫയല്‍ ചെയ്തത്.

മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രം 'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പോലിസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു.

കൂടാതെ, സുശാന്ത് സിങ് കേസില്‍ മുംബൈ പോലിസ്, മഹാരാഷ്ട്ര സര്‍ക്കാര്‍, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരേ റാഷിദ് സിദ്ദീഖി നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

Tags:    

Similar News