ശ്രീരാമന്റെ സല്‍പേര് കളങ്കപ്പെടുത്തുന്നതിനെതിരേ സുപ്രിം കോടതി രംഗത്ത് വരണം: അല്‍ ഹാദി അസോസിയേഷന്‍

ഈ അവകാശ നിഷേധത്തിനെതിരേ നടപടിയെടുക്കാനും അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന സംഘപരിവാര്‍ നേതാക്കളെയും അനുയായികകളെയും തുറുങ്കിലടയ്ക്കാനുമുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കും സര്‍വോപരി സുപ്രിം കോടതിക്കുമുണ്ട്.

Update: 2022-04-10 12:36 GMT

തിരുവനന്തപുരം: ഇതിഹാസ പുരുഷനായ ശ്രീരാമന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതിനെതിരേ സുപ്രിംകോടതി രംഗത്ത് വരണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഹിന്ദുത്വവാദികളും സംഘപരിവാര്‍ ശക്തികളും ഏത് അക്രമത്തിനും വിളിക്കുന്ന മുദ്രാവാക്യം ജയ് ശ്രീരാം എന്നതാണ്. മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമ്പോഴും അതിന് ആഹ്വാനം ചെയ്യുമ്പോഴും മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് സന്യാസിവേഷധാരികള്‍ ആവശ്യപ്പെടുമ്പോഴും  മുസ്‌ലിം പെണ്‍കുട്ടികളുടെ ഭരണഘടനാവകാശമായ ഹിജാബിനെതിരായി ശബ്ദിക്കുമ്പോഴും പള്ളികളിലെ ആരാധന തടസ്സപ്പെടുത്തുമ്പോഴും രാജ്യം കണ്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം കൂട്ടക്കൊലകള്‍ക്കിടയിലും ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്കിടയിലും മുഴങ്ങിക്കേള്‍ക്കുന്നത് ജയ് ശ്രീറാം എന്ന ശബ്ദമാണ്.

പുരാണങ്ങളില്‍ ഏറെ പരിചയമുള്ള മര്യാദപുരുഷനാണ് ശ്രീരാമന്‍. ആ മഹാ പുരുഷന്റെ സല്‍പ്പേര് ദുരുപയോഗം ചെയ്യുകയും സമാധാനത്തിലൂന്നിയ ഹിന്ദു മതധര്‍മങ്ങളെ മോശപ്പെടുത്തുകയുമാണ് ഈ അക്രമകാരികള്‍ ചെയ്യുന്നത്. ബാബ്‌രി മസ്ജിദ് വിഷയത്തില്‍ സുപ്രിം കോടതിയുടെ അന്യായ വിധിയില്‍ എടുത്തു പറഞ്ഞത്, പള്ളിക്കും അതിന്റെ സ്ഥലത്തിനും അവകാശികള്‍ മുസ്‌ലിംകള്‍ ആണെങ്കിലും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെങ്കിലും ശ്രീരാമന് (രാം ലല്ല)ആ സ്ഥലത്തുള്ള അവകാശം തള്ളിക്കളയാനാവില്ല എന്നാണ്. ആ വിധി പ്രസ്താവിച്ച സുപ്രിം കോടതിക്ക് മുന്നില്‍ തന്നെയാണ് ശ്രീരാമന്റെ അവകാശമായ അദ്ദേഹത്തിന്റെ സല്‍ പേര് കളങ്കപ്പെടുത്തിക്കൊണ്ടുള്ള അക്രമങ്ങളും സമരങ്ങളും അരങ്ങേറുന്നത്. ഈ അവകാശ നിഷേധത്തിനെതിരേ നടപടിയെടുക്കാനും അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന സംഘപരിവാര്‍ നേതാക്കളെയും അനുയായികകളെയും തുറുങ്കിലടയ്ക്കാനുമുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കും സര്‍വോപരി സുപ്രിം കോടതിക്കുമുണ്ട്.

മുസ്‌ലിം വംശഹത്യയുടെ അവസാനഘട്ടത്തിലേക്ക് ഇന്ത്യാമഹാരാജ്യം പ്രവേശിക്കുന്ന അപകടകരമായ ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും നിസ്സംഗത വെടിയുകയും നിസ്സാരമായ വിഷയങ്ങളില്‍ ഭിന്നത മറക്കുകയും ചെയ്തു കൊണ്ട് ഭരണഘടനാപരമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനും മുസ്‌ലിം നേതൃത്വം തയ്യാറാകണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ഇല്‍യാസ് ഹാദി, ജലീല്‍ മൗലവി, അബ്ദുല്‍ ജവാദ് മൗലവി, കാഞ്ഞാര്‍ അബ്ദുല്‍ സലാം മൗലവി, അല്‍ അമീന്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News