യോഗി ആദിത്യനാഥിനെതിരേ വാര്‍ത്ത: ചാനല്‍ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു
യോഗിയുമായി പ്രണയത്തിലാണ് എന്നവകാശപ്പെട്ട് കൊണ്ടുള്ള യുവതിയുടെ വീഡിയോ സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ചാണ് നാഷനല്‍ ലൈവ് മേധാവി ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തത്.
ലഖ്‌ന: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രക്ഷണം ചെയ്തുവെന്നാരോപിച്ച് ചാനലിന്റെ ഉടമയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് എന്ന ചാനലിനെതിരേയാണ് നടപടി. യോഗിയുമായി പ്രണയത്തിലാണ് എന്നവകാശപ്പെട്ട് കൊണ്ടുള്ള യുവതിയുടെ വീഡിയോ സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ചാണ് നാഷനല്‍ ലൈവ് മേധാവി ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തത്.
ആദിത്യനാഥിനെതിരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.
സ്ത്രീ ഉയര്‍ത്തിയ അപകീര്‍ത്തികരമായ ആരോപണത്തിന്റെ വസ്തുത പരിശോധിക്കാതെ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബിബിസി ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
അതേ സമയം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. പോലിസിന്റെ അമിതാധികാരപ്രയോഗവും അധികാര ദുര്‍വിനിയോഗവുമാണ് ഇതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുമുള്ള ശ്രമമാണിത്.
സ്ത്രീയുടെ ആരോപണത്തിന്റെ കൃത്യത എത്രമാത്രമായാലും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന്റെ പേരിലും ചാനലില്‍ സംപ്രേഷണം ചെയ്തതിന്റെ പേരിലും ക്രിമിനല്‍ കേസെടുക്കുക എന്നത് നിയമം ദുരുപയോഗം ചെയ്യലാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. വിഷയത്തില്‍ ഇരയാക്കപ്പെട്ടയാള്‍ പരാതിപ്പെടാതെ പോലിസ് സ്വമേധയാ കേസെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രസ്തവാന ചൂണ്ടിക്കാട്ടി.