മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് സംഘപരിവാരത്തെ നാണിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധതയെന്ന് അല്‍ ഹാദി അസോസിയേഷന്‍

Update: 2021-09-18 16:36 GMT

പൂന്തുറ: സംഘപരിവാരത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള മുസ്‌ലിം വിരുദ്ധതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വെച്ചുപുലര്‍ത്തുന്നതെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസ്താവിച്ചു. കേരളത്തിലെ മതേതര മൂല്യങ്ങളെ അപഹസിക്കുന്ന നിലയില്‍ വളരെ ആസൂത്രിതമായി മുസ്‌ലിംവിരുദ്ധത പുറത്തെടുത്ത പാലാ ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയും ഇടതു നേതാക്കളും പ്രസ്താവന നടത്തുന്നതും അദ്ദേഹത്തെ കണ്ടു പിന്തുണ പ്രഖ്യാപിക്കുന്നതും കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് അപമാനമാണ്.

സിപിഎമ്മും സംഘപരിവാരവും സംഘപരിവാരതാല്പര്യങ്ങളുടെ കാവല്‍ക്കാരായ ഇത്തരം ദുഷ്ടചിന്താഗതിക്കാരും മുസ്‌ലിം വിരുദ്ധതയുടെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളെന്ന് നിരന്തരം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവാദ പ്രസ്താവന ഇറക്കിയ ബിഷപ്പോ ബന്ധപ്പെട്ടവരോ ഇതു സംബന്ധമായ ഒരു വിശദീകരണവും ഇതുവരെയും നല്‍കിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍, ദുരുദ്ദേശത്തോടെയായിരുന്നില്ല ബിഷപ്പിന്റെ പ്രസ്താവനയെന്ന് സിപിഎമ്മിന്റെ നേതാക്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അസോസിയേഷന്‍ ചോദിച്ചു. 

വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെ വെറുതെ വിടുകയും പ്രതിഷേധക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്ത നടപടി അപലപനീയമാണ്. ഇടതുമുന്നണി ഭരണത്തില്‍ വന്ന ഈ രണ്ടു ടേമുകളിലും ന്യൂനപക്ഷ വിരുദ്ധമായ നിലപാടുകളിലൂടെ കുപ്രസിദ്ധരായ പോലിസ് അധികാരികളെയും സംഘപരിവാര നേതാക്കളെയും സംരക്ഷിക്കുകയോ തലോടുകയോ ചെയ്യുന്ന നിലപാടുകളാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിക്കുവേണ്ടി ചാവേറാകുന്ന ന്യൂനപക്ഷ സമുദായത്തിലെ ആള്‍ക്കാര്‍ ഇക്കാര്യം ചിന്തിക്കാനെങ്കിലും സമയം കണ്ടെത്തണം. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ യുവതലമുറയില്‍ നാസ്തികതയും മതനിരാസവും കുത്തിനിറയ്ക്കാനുള്ള തല്‍പ്പരകക്ഷികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കാനും അല്‍ ഹാദി അസോസിയേഷന്‍ സമുദായാംഗങ്ങളെ ആഹ്വാനം ചെയ്തു. 

Similar News