അലന്-താഹ കേസ്; രണ്ടു വിദ്യാര്‍ത്ഥികള്‍ നേരിട്ട അസഹനീയ പീഡനങ്ങള്‍ക്ക് മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാര്‍
ആസാദ്
അലനും താഹക്കുമെതിരേ കേസെടുത്ത് അവരുടെ ജീവിതത്തിലെ നല്ലൊരു കാലം സംസ്ഥാന സര്‍ക്കാരും എന്‍ഐഎയും ചേര്‍ന്ന് തട്ടിയെടുത്തു. എന്നാല്‍ അവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി തന്നെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന പിണറായി വിജയനുമാണെന്ന് സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ആസാദ്. ആദ്യം വലിയ കുറ്റങ്ങള്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടി അകത്തിട്ട ഏജന്‍സികള്‍ പിന്നീട് വകുപ്പുകള്‍ ഒന്നൊന്നായി എടുത്തുമാറ്റിയ കാഴ്ചയാണ് കണ്ടത്. അലനും താഹയും വലിയ കുറ്റവാളികളാണെന്നും സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തെ നിശ്ശബ്ദരാക്കുന്നതില്‍ ഈ അവകാശവാദം വലിയ പങ്കുവഹിച്ചു. യുഎപിഎ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് സുപ്രിംകോടതി തന്നെ സംശയവിധി പറഞ്ഞ സാഹചര്യത്തില്‍ ആ കേസ് നടത്തി രണ്ടു വിദ്യാര്‍ത്ഥികളെയും വേഗം പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സംസ്ഥാന ഗവണ്മെന്റിന്റേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അലനും താഹയ്ക്കുമെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയല്ലോ. എന്‍ഐഎ പ്രത്യേക കോടതി രണ്ടുപേര്‍ക്കും അനുവദിച്ച ജാമ്യം ശരിവെക്കുകയും ചെയ്തു. ഒരു ചോദ്യം ന്യായമായും ഉയരും. യുഎപിഎ വിരുദ്ധ നിലപാടുള്ള സിപിഐഎം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും? എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍തന്നെ വകുപ്പ് 20 ഇല്ലാതായി. ഏതെങ്കിലും ഒരു കുറ്റമോ കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന പ്രവൃത്തിയോ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതിനാല്‍ 38, 39 വകുപ്പുകളും ദുര്‍ബ്ബലമാകുന്നതായി സുപ്രിംകോടതി വിധി വെളിപ്പെടുത്തുന്നു.
വകുപ്പ് 20 പ്രകാരം കുറ്റകൃത്യത്തില്‍ പങ്കാളികളാണെങ്കില്‍ ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കാം. 38, 39 വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പരമാവധി പത്തു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. കുറ്റത്തിന്റെ തോതനുസരിച്ച് ഏതാനും മാസങ്ങളോ ഒന്നോ രണ്ടോ വര്‍ഷമോ പിഴ മാത്രമോ വിധിക്കാനും കഴിയും. ഈ സാഹചര്യം നിലനില്‍ക്കെ രണ്ടു വര്‍ഷം തടവുശിക്ഷ താഹ അനുഭവിച്ചു കഴിഞ്ഞു.
അലനെയും താഹയെയും യുഎപിഎ കേസില്‍ പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോള്‍ അവര്‍ പരിശുദ്ധാത്മാക്കളല്ലെന്നും ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തള്ളിപ്പറയല്‍? കോടതിയില്‍ മാത്രം പുറത്തെടുക്കാവുന്ന എന്തോ തെളിവു കാണുമെന്നാണ് പൊതുസമൂഹം കരുതിയത്. ഏറെപ്പേര്‍ നിശ്ശബ്ദരായത് ആ പ്രസ്താവനയുടെ ബലത്തിലാണ്. അതുപക്ഷേ, കുത്സിതമായ ഒരു ഗൂഢാലോചനയുടെ ശബ്ദമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കോടതിയില്‍ വിശ്വസനീയമായ ഒരു തെളിവും നല്കാന് അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. പ്രഥമദൃഷ്ട്യാ തന്നെ യുഎപിഎ നിലനില്‍ക്കില്ലെന്ന് പരമോന്നത നീതിപീഠമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രണ്ടു വിദ്യാര്‍ത്ഥികള്‍ നേരിട്ട അസഹനീയ പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. അവരുടെ കുടുംബങ്ങളും പ്രിയപ്പെട്ടവരും നേരിട്ട വേദനയും അശാന്തിയും അപമാനവും ചെറുതല്ല. ആ കുടുംബങ്ങളോട് മുഖ്യമന്ത്രി വലിയ തെറ്റാണ് ചെയ്തത്. കേസ് വിചാരണ ഇനി നടക്കാനിരിക്കുന്നു. യുഎപിഎ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് സുപ്രിംകോടതി തന്നെ സംശയവിധി പറഞ്ഞ ശേഷം ആ വിചാരണയില്‍ ശിക്ഷ നല്കാന് ഏറെ പണിപ്പെടേണ്ടിവരും. അതിനാല്‍ ആ കേസ് നടത്തി രണ്ടു വിദ്യാര്‍ത്ഥികളെയും വേഗം പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റിന്റേതുകൂടിയാണ്.
അലന്, താഹ കേസിന്റെ പൊള്ളത്തരം പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനും നീതി ലഭ്യമാക്കാനും പ്രവര്‍ത്തിച്ച അനേകരുണ്ട്. സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ജാഗ്രതയോടെ രംഗത്തുവന്നു. അന്നു ചൂണ്ടിക്കാണിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സുപ്രിംകോടതി ജാമ്യവിധിയില്‍ പറഞ്ഞിട്ടുള്ളത്. അലന്-താഹ മനുഷ്യാവകാശ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചവരെയും അലന്റെയും താഹയുടെയും കേസുമായും കുടുംബങ്ങളുമായും സഹകരിച്ചവരെയും അഭിവാദ്യം ചെയ്യുന്നു.
രാജ്യത്താകെ ആയിരക്കണക്കിനു പേര് യുഎപിഎ പ്രകാരം തടവില്‍ കഴിയുകയാണ്. കേരളത്തില്‍തന്നെ എത്ര പേര് അകത്തുണ്ടെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കേസ് ചുമത്തുന്നതിന്റെ രീതി എത്ര മനുഷ്യത്വ വിരുദ്ധമാണെന്ന് അലന്- താഹ കേസ് നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ കോടതിവിധി മറ്റനേകം കേസുകളില്‍ നീതി ലഭിക്കാന്‍ ഇടയാക്കുമെന്ന് പ്രത്യാശിക്കാം. അതിനുള്ള പ്രവര്‍ത്തനങ്ങളിലും ജനാധിപത്യ ബോധമുള്ളവര്‍ പങ്കാളികളാവേണ്ടതുണ്ട്.