ആലപ്പുഴ: നോമ്പുതുറയുടെ ഭാഗമായി പള്ളികളിലും മറ്റ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും സമൂഹ ഭക്ഷണവിതരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ആരാധനാലയങ്ങളിലും കൃത്യമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന, ജില്ലയിലെ മത മേലധ്യക്ഷന്മാരുടെയും മത-സമുദായ സംഘടനാ ഭാരവാഹികളുടെയും അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനം ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. മത മേലധ്യക്ഷന്മാരുടെയും മത സംഘടനാ ഭാരവാഹികളുടെയും ജാഗ്രതയും ഒത്തൊരുമയും സഹകരണവും ജില്ലാകളക്ടര്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ചകൊണ്ട് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ 20ന് മുകളിലാണ്. വരുന്ന രണ്ടാഴ്ചകള്‍ ജില്ലയില്‍ നിര്‍ണായകമാണെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
തീരപ്രദേശത്തും കുട്ടനാടും ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം നിയന്ത്രിക്കുകയാണ് ജില്ലയില്‍ അത്യാവശ്യമായിട്ടുള്ളത്. എങ്കില്‍ മാത്രമേ നിലവിലുള്ള നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണം നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയൂ എന്ന് കലക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കണം. പള്ളികളില്‍ ശരീരശുദ്ധി വരുത്തുന്നതിന് പൈപ്പില്‍ നിന്നുള്ള ജലം ഉപയോഗിക്കണം. ടാങ്കുകളിലെ വെള്ളം ഇതിന് ഉപയോഗിക്കരുത്. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും ഇടവേളകളില്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പ് ഉപയോഗിച്ച് കഴുകി ശുദ്ധീകരിക്കുകയും വേണം. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരോട് പരമാവധി എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് മുന്നോട്ടുപോകാമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രായമായവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കേണ്ടവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലിസ് മേധാവി ജി..ജയദേവ്, സബ്കളക്ടര്‍ എസ് ഇലക്ക്യ എന്നിവരും സംസാരിച്ചു.